രാമയണ കഥകളിലൊക്കെയും വളരെയധികം പ്രാധാന്യമുള്ള പക്ഷി ശ്രേഷ്ഠനാണ് ജഡായു. രാവണനിൽ നിന്നും സീതാദേവിയെ രക്ഷിക്കുന്നതിനായി പരിശ്രമിച്ചതും ഒടുവിൽ രാവണന്റെ വെട്ടേറ്റ് പതിച്ചതുമെല്ലാം ഐതിഹ്യങ്ങളിലൂടെ നാം അറിഞ്ഞിട്ടുള്ള കഥകളാണ്. രാമായണ പുരാണത്തിലെ ജഡായുവിനെ പുനസൃഷ്ടിച്ചിരിക്കുന്ന ഇടമാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ജഡായുപ്പാറയിൽ സ്ഥിതിചെയ്യുന്ന ജഡായു എർത്ത് സെന്റർ. ചിറകറ്റ് വീണ് കിടക്കുന്ന ജഡായുവിന്റെ ഇവിടുത്തെ പ്രതിമ കാണുന്നവർക്കെല്ലാം ഒരത്ഭുതമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശിൽപ്പം ആണിത്. ശിൽപി രാജീവ് അഞ്ജലിന്റെ നേതൃത്വത്തിലാണ് ശിൽപം തയാറാക്കിയിരിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചടുത്തോളം നിരവധി പ്രത്യേകതകളാണ് ജഡായുപ്പാറയ്‌ക്ക് ഉള്ളത്.
ജഡായുവിന് പിന്നിലെ ഐതിഹ്യം
പുരാണത്തിൽ സൂര്യന്റെ സാരഥിയായ അരുണന്റെയും ശ്യേനിയുടെയും പുത്രനാണ് ജഡായു. രാവണൻ പുഷ്പക വിമാനത്തിൽ സീതാദേവിയെ അപഹരിച്ചു കൊണ്ടുപോകുമ്പോൾ ജഡായു ഇത് തടഞ്ഞുവെന്നാണ് ഐതിഹ്യം. രാവണനെ തടഞ്ഞ് സീതയെ രക്ഷിക്കാൻ ജഡായു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. യുദ്ധവീരനായ രാവണൻ ചിറകരിഞ്ഞതോടെ അശക്തനായ ജഡായുവിന് സീതയെ കൊണ്ടുപോകുന്നത് നോക്കികിടക്കാനെ സാധിച്ചുള്ളൂവത്രെ..
പാറയുടെ മുകളിൽ രാമൻ വരുന്നത് വരെയും ജഡായു ഇവിടെ കാത്തുകിടന്നു. തുടർന്ന് സീതയെ തിരഞ്ഞ് രാമനും ലക്ഷ്മണനും എത്തിയപ്പോൾ അവരോട് സംഭവിച്ച കാര്യങ്ങൾ അറിയിക്കുകയും രാവണൻ പോയ ദിശ കാണിച്ചുകൊടുക്കുകയും ചെയ്തു. ജാഡായു രാമന്റെ മടിയിൽ കിടന്ന് ജീവൻ വെടിഞ്ഞുവെന്നാണ് കഥ. ഇത്തരത്തിൽ വെട്ടേറ്റ് വീണു കിടക്കുന്ന ജഡായുവിന്റെ രൂപത്തിലാണ് ജഡായുപ്പാറയിലെ പക്ഷിയുടെ രൂപമുള്ളത്. രാമനായിരുന്നു ജഡായുവിനെ ഏറ്റവും ആദരവോട് സംസ്‌കരിച്ചതെന്നും ഐതിഹ്യങ്ങളിൽ പറയപ്പെടുന്നു.
കൊക്കരണി
വെട്ടേറ്റ് വീണ് കിടന്ന സമയം ജഡായു ശ്രീരാമന്റെ വരവിനായി കാത്തിരിക്കവെ ജീവൻ നഷ്ടപ്പെടാതിരിക്കുന്നതിനായി തന്റെ ചുണ്ടുകൊണ്ട് പാറയിൽ ഉരസിയുരസി ഒരു ചെറിയ ജലപ്രവാഹം ഉണ്ടാക്കി. അത് ഇന്നും ഇവിടെ ജഡായുപ്പാറയിൽ കാണാൻ സാധിക്കുമത്രെ. കൊക്കരണി എന്നാണ് ഇതിന്റെ പേര്.
കോദണ്ഡ രാമ ക്ഷേത്രം
ഭക്തരെ ജഡായുപ്പാറയിലേക്ക് ആകർഷിക്കുന്ന മറ്റൊന്ന് ജഡായുപ്പാറ കോദണ്ഡ രാമ ക്ഷേത്രമാണ്. ജഡായുവിന്റെ ശില്പത്തിനോട് ചേർന്നുതന്നെയാണ് ക്ഷേത്രത്തിന്റെ നിർമ്മാണം. വടക്കേ ഇന്ത്യൻ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. രാമന്റെ പാദങ്ങൾ പതിഞ്ഞുവെന്ന് വിശ്വസിക്കുന്ന ജഡായുപ്പാറയിൽ വരുന്നതും ഇവിടെ ക്ഷേത്രദർശനം നടത്തുന്നതും പുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഇവിടെയെത്തുന്ന ഭക്തർ രാമായണ പാരായണം നടത്താറുണ്ട് എന്നതും ഇവിടുത്തെ പ്രത്യേകതകളിൽ ഒന്നാണ്.
200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമാണ് ജഡായുവിന്റെ ശില്പത്തിനുള്ളത്. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് ഓരോ ദിവസവും ഇവിടേക്കെത്താറുള്ളത്. സമുദ്രനിരപ്പിൽ നിന്നും 1200അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജഡായു ശില്പത്തിലേക്ക് കേബിൾ കാറിൽ സഞ്ചരിക്കാനാകും.ജഡായുവിന് ഉൾവശത്തേയ്‌ക്ക് കടക്കുവാൻ സാധിക്കുന്ന രീതിയിലാണ് ശില്പത്തിന്റെ നിർമ്മാണം.
Comments