ഇന്ന് ഫിറ്റ്‌നസ് ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നതിൽ മലയാളികളും തെല്ലും പിന്നിലല്ല. ഇപ്പോഴിതാ സ്മാർട്ട് വാച്ചുകൾക്ക് പിന്നാലെ സ്മാർട്ട് റിംഗുകളും ട്രെൻഡിംഗായി എത്താനൊരുങ്ങിയതോടെ ഇതിനെക്കുറിച്ചറിയാനുള്ള ആകാംഷയിലാണ് എല്ലാവരും. മുമ്പ് ബോട്ട് ആണ് സ്മാർട്ട് റിംഗുകൾ അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെ ഇപ്പോഴിതാ നോയ്‌സും സ്മാർട്ട് റിംഗുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഫിറ്റ്‌നസിന് വളരെയധികം പ്രാധാന്യം നൽകുന്നവർക്ക് ഇത് വളരെയധികം ഉപകാരപ്രദമായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഇത് വാങ്ങാൻ ഒരുങ്ങുന്നതിന് മുമ്പ് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നതിൽ പലർക്കും വലിയ ധാരണയില്ല എന്നതാണ് വാസ്തവം. എങ്ങനെയാണ് സ്മാർട്ട് റിംഗുകൾ തിരഞ്ഞെടുക്കേണ്ടത് എന്ന് നോക്കാം
വിരലിന് പാകമാകുന്ന വിധത്തിലുള്ള വലുപ്പത്തിന് അനുസരിച്ച് റിംഗ് വാങ്ങിയില്ല എങ്കിൽ ഹെൽത്ത് ട്രാക്കിംഗ് കൃത്യമായി മനസിലാക്കാൻ സാധിച്ചുവെന്ന് വരില്ല. ഇത് കൃത്യമായി അറിയുന്നതിനായി അൾട്രാഹ്യൂമൻ കമ്പനി സൈസിംഗ് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ആറ് മുതൽ 12 വരെയുള്ള സൈസിൽ നിന്നും സ്വന്തം അളവിലുള്ള മോതിരങ്ങൾ സ്വന്തമാക്കാൻ സാധിക്കും.
എന്നാൽ മറ്റൊരു പ്രധാനകാര്യമെന്തെന്നാൽ 24 മണിക്കൂർ തുടർച്ചയായി മോതിരം അണിഞ്ഞെങ്കിൽ മാത്രമേ മോതിരത്തിന്റെ അളവ് കൃത്യമാണോ എന്ന കാര്യത്തിൽ ഉറപ്പ് വരുത്താൻ സാധിക്കുകയുള്ളൂ. ഇതിന് പുറമേ മോതിരം വാങ്ങുമ്പോൾ അവ വാട്ടർ പ്രൂഫ് ആണോ എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. വാങ്ങുന്നതിന് മുമ്പ് തന്നെ സ്മാർട്ട് റിംഗ് ഫോണുമായി ബന്ധിപ്പിച്ച് മാത്രമേ പ്രവർത്തിപ്പിക്കാനാകു എന്ന കാര്യം ബോധ്യമുണ്ടാകണം. ഇതിനായി സ്മാർട്ട് റിംഗിന്റെ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കുന്നുണ്ടോ എന്ന് വ്യക്തമായും പരിശോധിച്ചിരിക്കണം.
ഇന്ത്യൻ വിപണികളിൽ ട്രെൻഡിംഗായി മാറുന്നതിന് ബോട്ട്, നോയിസ് എന്നീ ബ്രാൻഡുകളുടെ സ്മാർട്ട് റിംഗുകളാണ് എത്താൻ ഒരുങ്ങുന്നത്. ഇതിന് പിന്നാലെ സാംസഗും സ്മാർട്ട് റിംഗ് വിപണിയിൽ എത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.















