തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2022ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ടി.വി ചന്ദ്രന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക് കരുത്തു പകര്‍ന്ന സംവിധായകനാണ് ടി.വി ചന്ദ്രന്‍ എന്ന് ജൂറി അഭിപ്രായപ്പെട്ടു.
2021ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ കെ.പി കുമാരന്‍ ചെയര്‍മാനും, നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍, നടിയും സംവിധായികയുമായ രേവതി എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
കൃഷ്ണന്‍കുട്ടി, ഹേമാവിന്‍ കാതലര്‍കള്‍, ആലീസിന്റെ അന്വേഷണം, പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, കഥാവശേഷന്‍, ആടുംകൂത്ത്, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനും, ഭൂമിയുടെ അവകാശികള്‍, മോഹവലയം, പെങ്ങളില തുടങ്ങിയവയാണ് ടി.വി ചന്ദ്രന്റെ സംവിധാനത്തിൽ പിറന്ന സിനിമകള്‍. താൻ സംവിധാനം നിർവഹിച്ച എല്ലാ സിനിമകൾക്കും തിരക്കഥ ഒരുക്കിയതും ടിവി ചന്ദ്രൻ തന്നെയാണ്. ആറ് ദേശിയ അവാര്‍ഡുകളും പത്ത് സംസ്ഥാന അവാര്‍ഡുകളുംലഭിച്ചിട്ടുണ്ട്.
റിസര്‍വ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാലോകത്തേക്ക് കടന്നുവന്നത്. വിഖ്യാത സംവിധായകന്‍ പി.എ. ബക്കറിന്റെ അസിസ്റ്റന്റായി ആണ് സിനിമയിലെ തുടക്കം. പവിത്രന്‍ നിർമ്മിച്ച് ബക്കര്‍ സംവിധാനം ചെയ്ത ‘കബനീനദി ചുവന്നപ്പോള്‍’ എന്ന പ്രശസ്ത ചിത്രത്തിലെ നായകന്‍ ടി.വി. ചന്ദ്രനായിരുന്നു.















