എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവമാണെന്നും ഉത്തർപ്രദേശിലെ പോലുള്ള ശക്തമായ പോലീസ് നടപടി ഇവിടെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ചശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനത്തെ പോലീസ് സംവിധാനത്തിൽ മാറ്റമുണ്ടാകണം. പതിനെട്ട് മണിക്കൂർ അന്വേഷിച്ചിട്ടും പോലീസിന് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ശക്തമായ പോലീസ് നടപടി ആവശ്യമാണ്. സർക്കാരിന്റെയും പോലീസിൻെയും ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ജിഷയുടെ കൊലപാതകം കഴിഞ്ഞ് വേണ്ടത്ര ശ്രദ്ധ ഉണ്ടായില്ല എന്ന കാര്യത്തിന്റെ തെളിവാണ് 5 വയസുകാരിയുടെ കൊലപാതകം. സംസ്ഥാനത്തിന്റെ ക്രമസമാധാനം പാലിക്കുന്നതിനേക്കാൾ മറ്റ് പല കാര്യങ്ങൾക്കാണ് പോലീസ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. കേരളം തലതാഴ്‌ത്തുകയാണ്. നൂറ് ശതമാനവും പോലീസ് സംവിധാനങ്ങൾ പരാജയമാണ്’അദ്ദേഹം പറഞ്ഞു.
‘കേരളത്തിന്റെ പോലീസ് സംവിധാനം വളരെ ദുർബലമായിരിക്കുകയാണ്. അതുകൊണ്ടാണ് ജനങ്ങൾ യുപി മോഡൽ നിയമ നടപടി ഇവിടെ വേണമെന്ന് പറയുന്നത്. അഥിതി തൊഴിലാളികളുടെ ഇടയിൽ മയക്കുമരുന്നുകളുടെ ഉപയോഗമുണ്ടോയെന്ന് ശക്തമായി അന്വേഷിക്കണം. ഇക്കാര്യത്തിൽ പ്രത്യേക പോലീസ് സംവിധാനവും ആവശ്യമുണ്ട്. കൊടും ക്രൂരതകൾ ചെയ്യുന്ന ആളുകളെ കുറിച്ച് ഒരു നടപടികളും സംസ്ഥാനത്ത് ഉണ്ടാകുന്നില്ല. ആലുവ മാർക്കറ്റിനെ കേന്ദ്രീകരിച്ച് വലിയ ലഹരി മാഫിയ സംഘങ്ങളും കൊടും ക്രിമിനിലുകളുമുണ്ട്. ഇതിന് പിന്നിൽ വലിയ അധോലോക സംഘങ്ങളാണുള്ളത്. ഇതിനെതിരെ ഒരു തരത്തിലുള്ള നീരീക്ഷണങ്ങളും പോലീസിനില്ല. ഒരു തദ്ദേശ സ്ഥാപനത്തിനോ ഗവൺമെന്റിന്റെ ഒരു സംവിധാനത്തിനോ അതിഥി തൊഴിലാളികളെ സംബന്ധിച്ച് ഒരു നിരീക്ഷണവുമുണ്ടായിട്ടില്ല. അഥിതി തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ദുർബലവും ദയനീയവുമാണ് കേരളത്തിന്റെ പോലീസ് സംവിധാനം’കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Comments