ബഹിരാകാശ നിലയത്തിലേക്ക് നാല് ബഹിരാകാശ സഞ്ചാരികളുമായുള്ള സ്‌പേസ് എക്‌സ് ക്രൂ-7ന്റെ വിക്ഷേപണം ഉടൻ. നാസയുടെയും സ്‌പേസ് എക്‌സിന്റെയും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ക്രൂ-7 ദൗത്യത്തിന്റെ പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു. ആദ്യം ഓഗസ്റ്റ് 17-നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. ഈ തീയതി മാറ്റിയാണ് വിക്ഷേപണം ഓഗസ്റ്റ് 21-ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം ഓഗസ്റ്റ് 21-ന് പുലർച്ചെ 5.23-ന് ഫാൽക്കൺ-9 റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിക്കും.
ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ ലോഞ്ച് സൈറ്റ് പ്രോസസ്സിംഗിന് കൂടുതൽ സമയം എടുക്കുന്നതിനാലാണ് വിക്ഷേപണ തീയതിയിൽ ക്രമീകരണം നടത്തി ഓഗസ്റ്റ് 21-ലേക്ക് മാറ്റിയത്. മറ്റ് ജീവനക്കാരുടെയും ചരക്ക് ബഹിരാകാശ വാഹനങ്ങളുടെയും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുനക്രമീകരണം നടത്തിയത്. വരുന്ന ആഴ്ചകളിൽ നോർത്ത്‌റോപ്പ് ഗ്രുമ്മനിൽ നിന്ന് ഒരു സിഗ്നസ് കാർഗോ ബഹിരാകാശ പേടകവും റോസ്‌കോസ്‌മോസിൽ നിന്ന് പ്രോഗ്രസ് കാർഗോ ബഹിരാകാശ പേടകും ഐഎസ്എസ് പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം ക്രൂ-7 ദൗത്യം നിയന്ത്രിക്കുന്നത് അന്താരാഷ്‌ട്ര ബഹിരാകാശ സഞ്ചാരികളാണ്.
നാസ ബഹിരാകാശ സഞ്ചാരി ജാസ്മിൻ മൊഗ്‌ബെലി, യൂറോപ്യൻ ബഹിരാകാശ ഏജൻസി ബഹിരാകാശ സഞ്ചാരി ആൻഡ്രിയാസ് മൊഗൻസെൻ, ജാപ്പനീസ് ബഹിരാകാശ ഏജൻസി, ജാക്‌സയുടെ ബഹിരാകാശയാത്രികൻ സതോഷി ഫുരുകാവ, റഷ്യൻ ബഹിരാകാശ സഞ്ചാരി കോൺസ്റ്റാന്റിൻ ബോറിസോവ് എന്നിവരാണ് എൻഡുറൻസ് എന്ന് പേരിട്ടിരിക്കുന്ന സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ സഞ്ചരിക്കുന്നത്. മുമ്പ് ക്രൂ-3, ക്രൂ-5 ദൗത്യങ്ങൾ വിക്ഷേപിച്ച ബഹിരാകാശ പേടകത്തിന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാം യാത്രയായി ഈ കുതിപ്പിനെ അടയാളപ്പെടുത്തും.
ദൗത്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ഫാൽക്കൺ-9 ബൂസ്റ്റർ സ്‌പേസ് എക്‌സിന്റെ ആദ്യ വിക്ഷേപണമാണ് ഇതെന്ന പ്രത്യേകതയും ഈ കുതിപ്പിനുണ്ട്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും അതിന് അപ്പുറത്തേക്കും സുരക്ഷിതമായി മനുഷ്യരെയും പേലോഡുകളെയും എത്തിക്കുന്നതിനായി നിർമ്മിച്ച റോക്കറ്റാണ് ഫാൽക്കൺ-9. സ്‌പേസ് എക്‌സ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്ന ഇത് പുനരുപയോഗത്തിന് സാധിക്കും.















