രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രന്റെ സ്വാധീന മേഖലയിലേക്ക് പ്രവേശിച്ചുവെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ. പേടകത്തിന്റെ പ്രവർത്തനക്ഷമതയിൽ കുഴപ്പങ്ങളൊന്നും തന്നെയില്ലെന്നും ഐഎസ്ആർഒയുടെ ട്വീറ്റിൽ പറയുന്നു. ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രദക്ഷിണം പൂർത്തിയാക്കിയതിന് ശേഷമായിരുന്നു പേടകം ചന്ദ്രനെ ലക്ഷ്യം വെച്ച് നീങ്ങിയത്. നിലവിൽ പേടകം അതിന്റെ ഭ്രമണപഥം 288 കിലോമീറ്റർ 369328 കിലോമീറ്ററായാണ് ഉയർത്തിയിരുന്നത്. ഇതിന് ശേഷമാണ് ചന്ദ്രന്റെ സ്വാധീന വലയത്തിലേക്ക് പ്രവേശിക്കാൻ ചന്ദ്രയാൻ-3 യ്ക്കായത്.
ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും ചന്ദ്രനിലേക്ക് പേടകത്തെ നയിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പൽസീവ് ടെക്നിക്കായ ലൂണാർ ഇൻജക്ഷൻ നൽകിയിരുന്നു. ഓഗസ്റ്റ് ഒന്നിന് രാത്രി 12-നും പുലർച്ചെ ഒന്നിനും ഇടയിലാണ് പ്രവർത്തനം നടത്തിയത്. ഏകദേശം 20 മുതൽ 21 വരെ മിനിറ്റ് എടുത്താണ് പ്രവർത്തനം പൂർത്തിയ്ക്കിയത്. 2023 ജൂലൈ 14-നാണ് ചന്ദ്രയാൻ-3യുടെ വിക്ഷേപണം.
ചൊവ്വാഴ്ചയാണ് ചന്ദ്രന്റെ സ്വാധീന മേഖലകളിലേക്കുള്ള കുതിപ്പ് ചന്ദ്രയാൻ-3 ആരംഭിക്കുന്നത്. ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായി പേടകത്തിന്റെ ലിക്വിഡ് എൻജിനാണ് പ്രവർത്തിക്കുക. ഇതിന് ശേഷം നാല് തവണയാകും പേടകം ചന്ദ്രനെ വലം വയ്ക്കുന്നത്. ഓരോ ലൂപ്പിലും ചന്ദ്രോപരിതലത്തോട് കൂടുതൽ അടുക്കുകയായിരിക്കും. പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുന്നതോടെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നും ലാൻഡർ വേർപെടും. ഓഗസ്റ്റ് 23-ന് വൈകുന്നേരം 5.47-ഓടെ സോഫ്റ്റ് ലാൻഡിംഗ് നടത്താനാകുമെന്നാണ് പ്രതീക്ഷ.















