രാത്രി സുഖമായി ഉറങ്ങികിടക്കുമ്പോൾ പെട്ടെന്ന് കാലുകളിലുണ്ടാകുന്ന വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. ഇത് അനുഭവിക്കാത്തവർ ചുരുക്കം ചിലർ മാത്രമായിരിക്കും. വേദന കാരണം ഉറക്കം നഷ്ടപ്പെടുന്നവരും ഉണ്ടാകും. പേശികൾ കൃത്യമായ ഇടവേളകളിൽ ചുരുങ്ങുന്നതാണ് ഇത്തരത്തിൽ കാലിലെ മസിലുകൾക്ക് വേദന വരാനുള്ള പ്രധാന കാരണം. ഉറക്കത്തിനിടയിൽ ഇത്തരത്തിലെ പ്രശ്നങ്ങൾ വരാതിരിക്കുന്നതിനായി പ്രതിദിനം ചില കാര്യങ്ങൾ ചെയ്താൽ മതി. അവ എന്തൊക്കെയാണെന്ന് നോക്കാം.
കാലിലെ മസിൽ കയറ്റവും വേദനയുമൊക്കെ മാറ്റാൻ സ്ട്രെച്ച് ചെയ്യുന്നത് നല്ലതാണ്. ഉറങ്ങുന്നതിന് മുൻപ് കാലിലെ മസിലുകൾ സ്ട്രെച്ച് ചെയ്തിട്ട് കിടന്നുറങ്ങുക. കൈകൾ കാൽ വിരലുകളിൽ മുട്ടിക്കുക, ഹാംസ്ട്രിംഗ് പോലുള്ള ലളിതമായ സ്ട്രെച്ചുകൾ ഏറ്റവും നല്ലതാണ്. വേദന തോന്നുമ്പോൾ തന്നെ മസിലുകൾ സ്ട്രെച്ച് ചെയ്യുന്നതും നല്ലതാണ്.
ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം നൽകിയാൽ വേദന ശമിപ്പിക്കാൻ കഴിയും. പ്രത്യേകിച്ച്പേശി വേദന പോലുള്ളവ. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ കുറവ് പേശി വേദനകൾക്ക് കാരണമാകാറുണ്ട്. പഴം, ഓറഞ്ച്, കരിക്കിൻ വെള്ളം, തൈര്, ചീര തുടങ്ങിയവ പൊട്ടാസ്യത്തിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആഹാരങ്ങളാണ്.
അതുപോലെ തന്നെ ഏറ്റവും പ്രയോജനകരമായ മറ്റൊരു കാര്യമാണ് ധാരളം വെള്ളം കുടിക്കുക എന്നത്. നിർജ്ജലീകരണം കാലിലെ വേദനകൾക്ക് കാരണമാകാറുണ്ട്. പലപ്പോഴും വെള്ളം കുടിക്കാത്തവർക്കും കാൽ വേദന അനുഭവപ്പെടും.
വേദന കുറയ്‌ക്കാൻ തണുപ്പ് അല്ലെങ്കിൽ ചൂട് വയ്‌ക്കുന്നത് ഗുണം ചെയ്യും. ഉറങ്ങുന്നതിനുമുമ്പ് കാലുകളിൽ ഒരു ചൂടുള്ള കംപ്രസ് അല്ലെങ്കിൽ ചൂട് പിടിക്കുന്ന പാഡുകളോ മറ്റോ വയ്‌ക്കുന്നത് നല്ലതാണ്. പിരിമുറുക്കമുള്ള പേശികളെ അയക്കാനും അതുപോലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.















