ഹൃത്വിക് റോഷനും പ്രീതി സിന്റയും കേന്ദ്രകഥാപാത്രങ്ങളായി വന്ന് വെള്ളിത്തിരയിൽ വിസ്മയം തീർത്ത ചിത്രമാണ് ‘കോയി മിൽ ഗയ’. ഹൃത്വികിന്റെ പിതാവ് രാകേഷ് റോഷനാണ് ചിത്രം സംവിധാനം ചെയ്തത്. 2003 ആഗസ്റ്റ് എട്ടിന് റിലീസ് ചെയ്ത ചിത്രം, 20 വർഷത്തിന് ശേഷം ഇന്ന് വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്. ഇന്ത്യയിലെ 30 നഗരങ്ങളിലാണ് ചിത്രം റീറിലീസ് ചെയ്യുന്നത്.
ഇപ്പോഴിതാ ചിത്രം വീണ്ടും റിലീസ് ചെയ്യുന്നതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഹൃത്വിക് റോഷൻ.’ആഗസ്റ്റ് 4 മുതൽ തിരഞ്ഞെടുത്ത PVR INOX സ്ക്രീനുകളിലുടനീളം.. നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ‘ജാദൂ’വിനെ പുനരുജ്ജീവിപ്പിക്കുക’ എന്ന അടിക്കുറിപ്പോടെയാണ് ഹൃത്വിക് തന്റെ സന്തോഷം അറിയിക്കുന്ന വീഡിയോ പങ്കുവെച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ലിങ്കും താരം പങ്കുവെച്ചു.
പ്രായഭേദമന്യേയുള്ള ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായതും ഏറെ സ്വീകാര്യത നേടിയതുമായ സയൻസ് ഫിക്ഷൻ ചിത്രമായിരുന്നു ‘കോയി മിൽ ഗയ’. ജാദൂ എന്ന അന്യഗ്രഹ ജീവിയും രോഹിത് എന്ന യുവാവും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം 35 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.
രേഖ, പ്രേം ചോപ്ര ജോണി ലിവർ, രജത് ബേദി, ബാലതാരങ്ങളായ ഹൻസിക മോട്വാനി, അനുജ് പണ്ഡിറ്റ് ശർമ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം’കോയി മിൽ ഗയ’യുടെ തുടർച്ചയായി ഇറങ്ങിയ ഹൃത്വിക് റോഷന്റെ ചിത്രങ്ങളാണ് ക്രിഷ്, ക്രിഷ് 3. ഈ സീരിസിലെ അടുത്ത ചിത്രത്തിനായി ആരാധകർ കാത്തിരിക്കുമ്പോഴാണ് റീറിലീസുമായി അണിയറപ്രവർത്തകർ എത്തിയിരിക്കുന്നത്.















