മുതിർന്നവരെക്കാൾ ബുദ്ധിയും സഹജീവി സ്‌നേഹവും കുട്ടികൾക്കുണ്ടെന്ന് പലപ്പോഴായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
അഴുക്ക് ചാലിന് സമീപം കുടുങ്ങിപോയ പേടിച്ചിരണ്ട തെരുവ് നായയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന രണ്ട് കൊച്ചു കുട്ടികളാണ് ദൃശ്യങ്ങളിലെ താരങ്ങൾ. മാലിന്യം നിറഞ്ഞ അഴുക്ക് ചാലിൽ വെള്ളം കുത്തിയൊലിച്ച് വരുന്നതിനിടെയാണ് അതൊന്നും വകവെക്കാതെ നായകുട്ടിയെ സഹായിക്കാൻ കുട്ടികൾ തുനിഞ്ഞിറങ്ങുന്നത്. തുടർന്ന് ജാഗ്രതയോടെ അതിനെ എടുക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവരുന്നതുമാണ് ദൃശ്യത്തിലുള്ളത്.
ഹൃദയസ്പർശിയായ ഈ കാഴ്ച ധനലു വംശി എന്ന ഉപയോക്താവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതോടെ നിരവധി ആളുകളാണ് കുട്ടികളെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നത്. ഇതിനകം 7.3 ദശലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.















