ചന്ദ്രയാൻ-3; ദൗത്യത്തിൽ സ്ലിംഗ് ഷോട്ട് സംവിധാനം ഉപയോഗിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ

Published by
Janam Web Desk

വിക്ഷേപണം കഴിഞ്ഞ് 22-ാം ദിനവും പിന്നിടുമ്പോൾ ചന്ദ്രയാൻ-3 ചന്ദ്രനിലേക്കുള്ള ദൂരത്തിൽ മൂന്നിൽ രണ്ട് ഭാഗവും പിന്നിട്ടു കഴിഞ്ഞു. ഇന്നലെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ-3 വിജയകരമായി പ്രവേശിക്കുന്നത്. സുരക്ഷിതമായ ലാൻഡിംഗ്, ചന്ദ്രോപരിതലത്തിൽ റോവർ പര്യവേഷണം, പഠനങ്ങൾ എന്നിവയാണ് ചന്ദ്രയാൻ-3യുടെ പ്രാഥമിക ലക്ഷ്യം. ചന്ദ്രനിൽ രാജ്യത്തിന്റെ വിജയക്കൊടി പാറിക്കുന്നതിനായി ശാസ്ത്രജ്ഞർ തിരഞ്ഞെടുത്തത് സ്ലിംഗ് ഷോട്ട് സംവിധാനമാണ്.

ബഹിരാകാശ പര്യവേഷണത്തിലെ രാജ്യത്തിന്റെ പുതിയ ചുവടുവെയ്പ്പാണ് ഈ ദൗത്യമെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ തപൻ മിശ്ര. രാജ്യത്തിന്റെ വിക്ഷേപണ വാഹനങ്ങൾ ഭൂമിയിൽ നിന്നും കുതിച്ചുയർന്നാൽ വേണ്ടത്ര വേഗത കൈവരിക്കുന്നതിന് നിലവിൽ പ്രാപ്തമല്ല. സെക്കൻഡിൽ 11.2 കിലോമീറ്റർ വേഗത കൈവരിക്കാൻ ഉപഗ്രഹ വാഹിനിയ്‌ക്ക് സാധിക്കില്ലെന്ന് മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ തപൻമിശ്ര വ്യക്തമാക്കി. ഇതിനെ മറികടക്കുന്നതിനാണ് സ്ലിംഗ് ഷോട്ട് സംവിധാനം ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയർത്തി ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

ഈ കഴിഞ്ഞ ജൂലൈ 14-നാണ് ചന്ദ്രയാൻ -3 വിജയകരമായി വിക്ഷേപിക്കുന്നത്. വിക്ഷേപണ ശേഷം 17 ദിവസം പേടകം ഭൂമിയെ വലം വെച്ചു. ഇതിന് ശേഷം പടിപടിയായി അഞ്ച് ഘട്ടങ്ങളായാണ് ഭ്രമണപഥം ഉയർത്തിയത്. ഓഗസ്റ്റ് ഒന്നിനാണ് ട്രാൻസ് ലൂണാർ ട്രാജക്ടറിയിലേക്ക് പേടകം പ്രവേശിക്കുന്നത്. ശേഷം അഞ്ച് ദിവസം ഈ പഥത്തിലൂടെ സഞ്ചരിച്ചതിന് ശേഷമാണ് പേടകം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

Share
Leave a Comment