തൈര് തന്നെയാണ് യോഗർട്ടെന്ന് തെറ്റിദ്ധരിക്കുന്നവർ കുറവല്ല. യഥാർത്ഥത്തിൽ ഇവ രണ്ടും രണ്ടാണ്. പാൽ പുളിപ്പിച്ചാണ് രണ്ടും ഉണ്ടാക്കുന്നത്. എന്നാൽ യോഗർട്ടിന് തൈരിന്റെ അത്ര പുളിയുണ്ടാവില്ല. കട്ടി കൂടുന്നതിനൊപ്പം ആരോഗ്യ ഗുണങ്ങളും കൂടുതലാണ് യോഗർട്ടിന്. തൈരിൽ ഒരു ബാക്ടീരിയ മാത്രമാണുള്ളതെങ്കിൽ യോഗർട്ടിൽ വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന രണ്ട് ഇനം ബാക്ടീരിയകളെ കൂടി കടത്തിവിടുന്നു. അതുകൊണ്ട് തന്നെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ് യോഗർട്ട്.
ദഹനക്കേടിനും ശരീരഭാരം കുറയ്‌ക്കാനും മലബന്ധം അകറ്റാനും മികച്ചതാണ് യോഗർട്ട്. കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ ബി കോംപ്ലക്‌സ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് യോഗർട്ട്. ഭക്ഷണശേഷം ഒരു സ്പൂൺ യോഗർട്ട് ശീലമാക്കിയാൽ ദഹന പ്രശ്‌നങ്ങൾക്ക് അറുതി വരും. ഡെസേർട്ട് രൂപത്തിലും കഴിക്കാവുന്നതാണ്. കുടലിൽ നല്ല ബാക്ടീരിയകളെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പ്രോബയോട്ടിക് ബാക്ടീരിയകൾ കൊണ്ട് സമ്പന്നമാണ് കുടൽ. എന്നാൽ അവയെ ആരോഗ്യകരമാക്കി വെയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് യോഗർട്ട് കഴിച്ചുതുടങ്ങാവുന്നതാണ്. കുടലിലെ ക്യാൻസർ വളർച്ചയെ നിയന്ത്രിയ്‌ക്കാനും ഇതേറെ നല്ലതാണ്.
ഇതിന്റെ കൊഴുപ്പുള്ള രൂപം കാരണം തടി കൂടും, കൊളസ്ട്രോൾ കൂടും തുടങ്ങിയ ചിന്തകൾ കാരണം ഇത് കഴിക്കാൻ മടിക്കുന്നവരുമുണ്ട്. എന്നാൽ ശരീരം തടിപ്പിയ്‌ക്കുന്ന കൊഴുപ്പല്ല ഇതിലുള്ളതെന്നാണ് സത്യാവസ്ഥ. അമിതവണ്ണം, വയറിലെ കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നീ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് ആശ്വാസമാണ് യോഗർട്ട്. പ്രോട്ടീൻ അടങ്ങിയതിനാൽ തന്നെ വിശപ്പിനെ കുറയ്‌ക്കുകയും വയറ് നിറഞ്ഞതായി തോന്നുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് പിന്നീട് നിങ്ങൾക്ക് അമിത ഭക്ഷണം എന്ന ചിന്തയേയും ശീലത്തേയും ഉപേക്ഷിക്കുന്നതിനും സാധിക്കുന്നു.എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാൽസ്യം യോഗർട്ടിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് സംരക്ഷണം വർദ്ധിപ്പിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരഭാരം നിലനിർത്താനും ഇത് മികച്ചതാണ്.















