ചെന്നൈ: ഓസ്കാർ പുരസ്കാരം ലഭിച്ച ‘ എലഫന്റ് വിസ്പേഴ്സ്’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകയായ കാർത്തികി ഗൊൺസാൽവസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് ബൊമ്മനും ബെല്ലിയും. രണ്ട് കോടി രൂപ ആവശ്യപ്പെട്ട് സംവിധായകയ്ക്ക് വക്കീൽ നോട്ടീസ് അയച്ചത് തങ്ങളല്ലെന്നും അവർ പറഞ്ഞു.
തമിഴ് നാട്ടിലെ തെപ്പക്കാട് മുതുമല ആന പരിശീലന കേന്ദ്രത്തിൽ ചിത്രീകരിച്ച ആനയും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന എലഫന്റ് വിസ്പേഴ്സ് ഇന്ത്യയുടെ അഭിമാനമുയർത്തിയാണ് ഓസ്കാർ വേദിയിൽ ചരിത്രമെഴുതിയത്. ഡോക്യുമെന്ററിയിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത് ദമ്പതിന്മാരായ ബൊമ്മനും ബെല്ലിയുമാണ്. ചിത്രത്തിന് ഓസ്കാർ ലഭിച്ചതോടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും തെപ്പക്കാട്ടെത്തി ഇവരെ കാണുകയും തമിഴ്നാട് സർക്കാർ, ബെല്ലിയെ ആന പരിപാലകയായി നിയമനം നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണങ്ങളുമായി ദമ്പതികൾ രംഗത്തെത്തിയത്.
തങ്ങളുടെ പക്കൽ നിന്നും ചിത്രീകരണത്തിനായി പണം ചിലവഴിക്കേണ്ടതായി വന്നെന്നും ശേഷം പുരസ്കാരം ലഭിച്ചപ്പോൾ അവഗണിച്ചെന്നുമായിരുന്നു ഇവർ ആരോപണങ്ങൾ ഉന്നയിച്ചത്. പറഞ്ഞ പ്രതിഫലം ലഭിച്ചില്ലെന്നും, വീട് നൽകാമെന്ന വാഗ്ദാനവും ചിത്രത്തിന്റെ സംഘാടകർ പൂർത്തിയാക്കിയില്ലെന്നും ദമ്പതികൾ പരാതിപ്പെട്ടിരുന്നു. ജൂൺ 24-ന് തയ്യാറാക്കിയ നോട്ടീസിന്റെ വിവരം ഇന്നലെ പുറത്തു വന്നതോടെ നിഷേധവുമായി ദമ്പതികൾ മുന്നോട്ട് വന്നിരിക്കുകയാണ്.
രണ്ട് കോടി രൂപ ആവശ്യപ്പെട്ട് നിർമാതാക്കൾക്ക് നോട്ടീസ് ആയച്ചത് തങ്ങളുടെ അറിവോടു കൂടിയല്ലെന്ന് ഇവർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ചിത്രത്തിന്റെ നിർമാതാക്കൾ തങ്ങളുമായി സംസാരിക്കാമെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പറഞ്ഞതായും ദമ്പതികൾ കൂട്ടിച്ചേർത്തു.
അതേസമയം ബൊമ്മനും ബെല്ലിക്കും ന്യായമായ പ്രതിഫലം ചിത്രീകരണ സമയത്ത് തന്നെ നൽകിയിട്ടുണ്ടെന്ന് പറഞ്ഞ ഡോക്യുമെന്ററിയുടെ നിർമാതാക്കളും സംവിധായിക കാർത്തികിയും, ദമ്പതികൾ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളി കളയുകയായിരുന്നു.















