രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3യുടെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ ഇന്ന്. പേടകം ഇന്ന് ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥത്തിലേക്ക് ഇന്ന് പ്രവേശിക്കും. ഉച്ചയ്‌ക്ക് ഒന്നിനും രണ്ടിനും ഇടയിലാകും ഭ്രമണപഥം താഴ്‌ത്തുന്നത്. ഓഗസ്റ്റ് 23-നാണ് സോഫ്റ്റ് ലാൻഡിംഗ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ആറിനാണ് ആദ്യ ഭ്രമണപഥം താഴ്‌ത്തൽ വിജയകരമായി പൂർത്തിയാക്കിയത്. നിലവിൽ സോഫ്റ്റ് ലാൻഡിംഗ് ആണ് പ്രധാന വെല്ലുവിളിയെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരുന്നു. റോവർ റണ്ണിംഗ് താരതമ്യേന എളുപ്പമായിരിക്കുമെന്നും സംഘം വ്യക്തമാക്കി. ഓർബിറ്റ് താഴ്‌ത്തുന്നതിൽ ഉൾപ്പെടെ കൃത്യമായ സംവിധാനങ്ങളിലൂടെ നീങ്ങുന്നതെന്നും വിദഗ്ദർ വ്യക്തമാക്കി.
ഇന്നത്തെ ഭ്രമണപഥം താഴ്‌ത്തൽ വിജയകരമാകുന്നതോടെ ഓഗസ്റ്റ് 14-നും 16-നും അടുത്ത രണ്ട് ഭ്രമണപഥം താഴ്‌ത്തൽ കൂടി നടക്കും. ചന്ദ്രോപരിതലത്തിൽ നിന്നും 100 കിലോമീറ്റർ ഉയരത്തിൽ എത്തിയതിന് ശേഷമായിരിക്കും സോഫ്റ്റ് ലാൻഡിംഗിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുക. ചന്ദ്രന്റെ ഉപരിതലത്തിൽ 100 കിലോ മീറ്റർ പരിധിയിൽ ക്യത്യമായ വൃത്തത്തിൽ സഞ്ചരിക്കുന്നത് വരെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.
ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ പേടകം പ്രവേശിച്ചതിന് ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപെടുത്തുന്നത്. ഓഗസ്റ്റ് 17-നാകും ഈ നിർണായക ഘട്ടം നടക്കുക. ഈ ഘട്ടത്തിൽ പ്രൊപ്പൽഷൻ മൊഡ്യൂൾ നേരത്തെയുള്ള ഭ്രമണപഥത്തിൽ തുടരുകയും ലാൻഡർ ചന്ദ്രനിൽ നിന്ന് മുപ്പത് കിലോമീറ്റർ അടുത്ത ദൂരവും നൂറ് കിലോമീറ്റർ ദൂരവുമായുള്ള ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. തുടർന്ന് ഇവിടെ നിന്നാകും സോഫ്റ്റ് ലാൻഡിംഗിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നത്.















