തിരുവനന്തപുരം; തലസ്ഥാനത്തെ തീരപ്രദേശങ്ങളിലെ മോഷണങ്ങളില്‍ അമ്മയെയും മകനെയും വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം വിഘ്നേശ്വര നഗറില്‍ വാടകയ്ക്കു താമസിക്കുന്ന വര്‍ഗീസ്(27), അമ്മ ജയ(45) എന്നിവരെയാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് വലിയ മോഷണങ്ങളുടെ ചുരുളുകള്‍ അഴിഞ്ഞതും വ്യത്യസ്തമായ കവര്‍ച്ച രീതികളെപ്പറ്റി വിവരിക്കുന്നതും.
ജനാലക്കമ്പികള്‍ വളച്ച് അതിനുള്ളിലൂടെ നൂണ്ട് വീടുകളില്‍ കയറുന്നതാണ് വര്‍ഗീസിന്റെ രീതിയെങ്കിലും തിരികെ ഇതേവഴി പോകില്ലെന്നത് ഉറച്ച തീരുമാനമാണ്. മോഷണം കഴിഞ്ഞ് പുറത്തിറങ്ങാന്‍ വര്‍ഗീസിന് അടുക്കള വാതില്‍ നിര്‍ബന്ധം.തീരപ്രദേശങ്ങളിലെ പല വീടുകളില്‍നിന്നായി 40 പവന് സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും ഇതുവരെ കവര്‍ന്നിട്ടുണ്ട്.
മോഷണത്തിനായി ഉപയോഗിക്കുന്ന സ്കൂട്ടറിന്റെയും ബൈക്കിന്റെയും ദൃശ്യങ്ങള്‍ സി.സി.ടി.വി.കളില്‍നിന്നു ലഭിച്ചിരുന്നു. ഇതുപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മോഷണത്തിനു പ്രേരിപ്പിച്ചതും മോഷണമുതല്‍ വില്‍പ്പന നടത്തിയതും അമ്മയാണെന്നാണ് വര്‍ഗീസ് പറയുന്നത്. ശംഖുംമുഖം കണ്ണാന്തുറ മുതല്‍ വെട്ടുകാട്, കൊച്ചുവേളി അടക്കമുള്ള തീരദേശപ്രദേശങ്ങളില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന വീടുകളിലാണ് മോഷണം നടത്തിയത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഏഴു വീടുകളില്‍ കവര്‍ച്ച നടത്തി.
കണ്ണാന്തുറ ഭാഗത്ത് ഒരുവീട്ടില്‍നിന്ന് എട്ടു പവന് സ്വര്‍ണം കവര്‍ന്നശേഷം അതു വിറ്റുകിട്ടിയ പണമുപയോഗിച്ച് ആഡംബരജീവിതം നയിക്കുകയായിരുന്നു. മോഷ്ടിച്ച പണവും സ്വര്‍ണവും വര്‍ഗീസ് അമ്മ ജയയെയാണ് ഏല്‍പ്പിക്കുക.ജയ ചാല, കിഴക്കേക്കോട്ട അടക്കമുള്ള സ്ഥലങ്ങളിലെ ജൂവലറികളില്‍ കൊണ്ടുപോയി ഇവ വില്‍ക്കും. കൂടുതല്‍ പണം കിട്ടിയതോടെ പതിയെ സ്റ്റാറ്റസും മാറി.
സ്വര്‍ണാഭരണങ്ങളും സ്കൂട്ടറും മറ്റും വാങ്ങിക്കൂട്ടി. സാമ്പത്തികനില മെച്ചപ്പെട്ടതോടെ വലിയതുറയില്‍നിന്ന് കരിക്കകത്തെ വിഘ്നേഷ് നഗറില്‍ വലിയവീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങി. പുല്ലുവിള സെയ്ന്റ് ജേക്കബ് പള്ളിക്കു സമീപം പി.പി.വിളാകം പുരയിടത്തിലാണ് ആദ്യം ഇവര്‍ താമസിച്ചിരുന്നത്.
പകല്‍സമയങ്ങളില്‍ ബൈക്കിലും സ്കൂട്ടറിലും കറങ്ങി മോഷണത്തിനായുള്ള വീടുകള്‍ കണ്ടുവയ്ക്കും. അടുക്കള വാതിലിലൂടെ രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു. റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും വലിയതുറ പോലീസ് അറിയിച്ചു. സ്.എച്ച്.ഒ. ജി.എസ്.രതീഷ്, എസ്.ഐ.മാരായ എം.ഇന്‍സമാം, അജേഷ് കുമാര്‍, ട്വിങ്കിള്‍ ശശി, സി.പി.ഒ.മാരായ മനു, ഷിബി ടി.നായര്‍, വരുണ്‍ഘോഷ്, റോജിന്‍, ശ്യാം, രഞ്ജിത്, വനിതാ സി.പി.ഒ.മാരായ ഷീജ, മിനി എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
Comments