ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ലക്ഷ്യത്തിലെത്താൻ ഇനി രണ്ട് നിർണായക ഘട്ടങ്ങൾ മാത്രം. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാകാൻ ഇനി അവശേഷിക്കുന്നത് രണ്ട് ആഴ്ചകൾ മാത്രമാണ്. സോഫ്റ്റ് ലാൻഡിംഗിന് മുന്നോടിയായുള്ള ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയാണ് ഘട്ടം ഘട്ടമായി നടന്നുകൊണ്ടിരിക്കുന്നത്. ഇതിൽ ചന്ദ്രനു ചുറ്റും വലം വെയ്‌ക്കുന്ന പേടകത്തിന്റെ സുരക്ഷ മുൻനിർത്തിയുള്ള മുൻകരുതലുകളാണ് ഐഎസ്ആർഒ നിലവിൽ എടുക്കുന്നത്. പേടകം സഞ്ചരിക്കുന്ന പാത സംബന്ധിച്ച് വിശദമായ വിശകലനം നടത്തി. മറ്റ് ബഹിരാകാശ പേടകങ്ങളുമായുള്ള കൂട്ടിയിടി ഒഴിവാക്കേണ്ടത് സുരക്ഷ മുൻകരുതലുകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.
സൗരയൂഥത്തിലെ ഭൂരിഭാഗം ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും സംബന്ധിച്ച ദൗത്യങ്ങൾ രാജ്യം മുന്നോട്ട് കൊണ്ടു പോകുന്നുണ്ട്. ബഹിരാകാശ പര്യവേഷണത്തിനായി നിരവധി രാജ്യങ്ങളാണ് ദൗത്യം ഏറ്റെടുത്തിട്ടുള്ളത്. ചന്ദ്രനിലും ചൊവ്വയിലും നിലവിൽ ഏറ്റവും അധികം പര്യവേഷണങ്ങൾ നടക്കുന്നത്. ഇക്കാരണത്താൽ തന്നെ ഈ രണ്ട് ഗ്രഹങ്ങളെയും ചുറ്റി നിരവധി രാജ്യങ്ങളുടെ പേടകങ്ങളാണുള്ളത്. ഭൂമിയ്‌ക്ക് ചുറ്റുമുണ്ടായിരുന്ന ഭ്രമണപഥത്തെ അപേക്ഷിച്ച് ഇത്തരത്തിൽ ബഹിരാകാശ വസ്തുക്കളുടെ നിരീക്ഷണവും ട്രാക്കിംഗും തികച്ചും സങ്കീർണമായ ഒന്നാണ്.
ചാന്ദ്ര ദൗത്യത്തിൽ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രധാനമായും സ്വാധീനിക്കുന്നത് ചന്ദ്രന്റെ ഗുരുത്വാകർഷണം, ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണം,സൂര്യനിൽ നിന്നുള്ള സമ്മർദ്ദം എന്നിവയാണ്. വരാനിരിക്കുന്ന നിരവധി ദൗത്യങ്ങളും ഇത്തരത്തിൽ സമാന ഭ്രമണപഥങ്ങളിൽ സ്ഥാപിക്കപ്പെട്ടേക്കാം. നിലവിൽ ഭ്രമണപഥത്തിലുള്ള ഭൂരിഭാഗം ചാന്ദ്ര പേടകങ്ങളും പ്രവർത്തിക്കുന്നത് എൽഎൽഒയിലാണ്. ഇതിൽ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള ഏറ്റവും പുതിയ പേടകമാണ് ചന്ദ്രയാൻ-3. ഇതിൽ ചുറ്റും ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന പേടകങ്ങൾ ഉണ്ടെങ്കിലും സംയോജനങ്ങൾ ഒഴിവാക്കുന്നതിനായി ഏജൻസികൾ തമ്മിൽ കൃത്യമായ ഏകോപനം നടക്കുന്നുണ്ടെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.















