രാമാദികൾ നീലന്റെ നേതൃത്വത്തിൽ സേതുബന്ധിച്ചു. രാവണൻ നിയോഗിച്ച ചാരൻ ശുകാസുരൻ വാനരന്മാരാൽ പിടിക്കപ്പെട്ടു. അവർ അവനെ ബന്ധനസ്ഥനാക്കി. ശ്രീരാമ നിർദ്ദേശമനുസരിച്ച് അവരുടെ ഒരുക്കങ്ങൾ എല്ലാം സുഗ്രീവാദികൾ കാണിച്ചുകൊടുത്തു. ശ്രീരാമൻ നിർദ്ദേശിച്ച സമയത്ത് ചാരനെ തുറന്നു വിടുകയും ചെയ്തു. ശ്രീരാമ പക്ഷത്തുള്ള ആത്മവിശ്വാസം കൂടുതൽ ശക്തമാണെന്ന് ഇതോടെ രാവണന്റെ ചാരന്മാർക്ക് പ്രകടമായി.
ശുകാസുരൻ രാവണ സവിധത്തിൽ ചെന്ന് കാര്യങ്ങൾ വിശദീകരിച്ചു. സീതയെ രാമന് കൊണ്ടുപോയി കൊടുത്ത ക്ഷമ യാചിക്കുന്നതാണ് നല്ലതെന്ന് ശുകനും രാവണനെ ഉപദേശിച്ചു. ശാർദൂലൻ തുടങ്ങിയ ചില ചാരന്മാരെയും രാവണൻ നിയോഗിച്ചു, അവരും പിടിക്കപ്പെട്ടു. പിന്നീട് ശ്രീരാമനിർദ്ദേശം അനുസരിച്ച് പാളയത്തിലെ തയ്യാറെടുപ്പുകൾ എല്ലാം കാണിച്ചു കൊടുത്ത വിട്ടയച്ചു.
രാവണന്റെ മുത്തച്ഛൻ മാല്യവാന്റെ രാവണ മന്ദിരത്തിൽ വന്നപ്പോഴും ഉപദേശിച്ചത് സീതയെ തിരിച്ചു കൊടുക്കാനാണ്. ലക്ഷണങ്ങൾ മോശമാണ് ജാനകിലങ്കയിൽ വന്നശേഷം എങ്ങും മരണ ലക്ഷണങ്ങളും മരണഭയവും കാണുന്നു. സീതയെ കൊണ്ടുപോയി രാമ പാദത്തിൽ വെച്ചു വന്ദിക്കണം വൈകാതെ എന്ന് ഉപദേശിച്ചു.പക്ഷെ മാല്യവാനെ പ്രായം പോലും നോക്കാതെ രാവണൻ ശാസിച്ചു പുറത്താക്കുകയായിരുന്നു..
“കിളവന്റെ വർത്തമാനം കേൾക്കാനൊന്നും ഇപ്പോൾ നേരമില്ല” എന്നു പറഞ്ഞ് രാവണൻ പരിഹസിക്കുകയും ചെയ്തു. രാവണനും മന്ത്രിമാരും കൂടി ഗോപുരത്തിന് മുകളിൽ കയറി അകലെ നിൽക്കുന്ന രാമാദികളുടെ പടയെ കണ്ണോടിച്ചുകൊണ്ട് രാവണന്റ്റെ നോട്ടം കണ്ടപ്പോൾ തന്നെ ശ്രീരാമനും വാനര നേതാക്കൾക്കും ദേഷ്യം ഇരച്ചു കയറി. പെട്ടെന്ന് ശ്രീരാമന്റെ വില്ലുകൾ പ്രവർത്തിച്ചു. രാവണന്റെ പത്തു കിരീടങ്ങളും നിലംപൊത്തി. കൈകളിലെല്ലാം ഏറെ മുറിവുകൾ ഉണ്ടായി ഒടുവിൽ രാവണൻ പേടിച്ചോടി.
എഴുതിയത്
എ പി ജയശങ്കർ
ഫോൺ : 9447213643
ശ്രീ എ പി ജയശങ്കർ എഴുതിയ രാമായണ തത്വ വിചാരത്തിന്റെ മറ്റു ഭാഗങ്ങൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayana-thatwavicharam/
Comments