ഓഗസ്റ്റ് മാസമായി കഴിഞ്ഞാൽ പിന്നെ സുന്ദരപാണ്ഡ്യപുരത്ത് സൂര്യകാന്തികാലം ആരംഭിക്കും. തെക്കൻ കേരളത്തിൽ നിന്ന് വളരെ പെട്ടെന്ന് പോയി വരാവുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. തെന്മല ആര്യങ്കാവ് വഴി തമിഴ്നാട് എത്തിയാൽ പിന്നെ സുന്ദരപാണ്ഡ്യപുരത്തേക്കുള്ള ദൂരം കുറഞ്ഞു തുടങ്ങും. ആദ്യമായി പോകുന്ന ഏതൊരാൾക്കും അത്രയേറെ അത്ഭുതം തോന്നുന്ന ഒരു യാത്രയായിരിക്കും സുന്ദരപാണ്ഡ്യപുരത്തേക്കുള്ളത്. 
പാടങ്ങളിലെ കൃഷികഴിഞ്ഞ് അടുത്ത കൃഷി ആരംഭിക്കും മുൻപ് ഇടവിളയായാണ് കർഷകർ സൂര്യകാന്തി കൃഷി ചെയ്യുന്നത്. ഓഗസ്റ്റ് മുതൽ പിന്നീട് മൂന്ന് മാസക്കാലം സുന്ദരപാണ്ഡ്യപുരം സൂര്യകാന്തിപ്പൂക്കൾ കൊണ്ടു നിറയും. മനോഹരമായ കാഴ്ചകാണാൻ കേരളത്തിൽ നിന്ന് നിരവധിപേരാണ് എത്താറുള്ളത്. സോഷ്യൽ മീഡിയയ്‌ക്കും സുന്ദരപാണ്ഡ്യപുരം സുപരിചിതമായതുകൊണ്ടുതന്നെ മനോഹരകാഴ്ച കാണാൻ കേരളത്തിൽ നിന്ന് സഞ്ചാരികളുടെ ഒഴുക്കാണ്. 
പൂക്കാലം ആരംഭിച്ചാൽ പിന്നെ മൂന്ന് മാസക്കാലം പാടം കാണാനാകാത്തത്രയും പൂക്കൾകൊണ്ട് സുന്ദരപാണ്ഡ്യപുരം നിറയും. പിന്നീട് ഇതളുകൾ കൊഴിഞ്ഞു തുടങ്ങി വിത്തുകളുടെ വിളവെടുപ്പ് തുടങ്ങും. മലയാളികൾക്ക് ഒരു പക്ഷേ സൂര്യകാന്തി കൃഷി തന്നെ ഒരു അത്ഭുതകാഴ്ച തന്നെയാണ്. കേരളത്തിലും ഇപ്പോൾ സൂര്യകാന്തി കൃഷി ഒരു പരീക്ഷണാർത്ഥം ആരംഭിച്ചിട്ടുണ്ടെങ്കിലും അതിനൊരു പരിധിയുണ്ട്. എന്നാൽ മലയാളികൾക്ക് സുന്ദരപാണ്ഡ്യപുരം സവിശേഷമാക്കുന്നത് കൃഷിഭൂമിയിൽ കടലുപോലെ ചെയ്യുന്ന സൂര്യകാന്തി കൃഷി തന്നെയാണ്. 
നോക്കെത്താ ദൂരത്തോളമാണ് സൂര്യകാന്തികൾ വിടർന്നു നിൽക്കുന്നത്. അഗ്രഹാരങ്ങളിലൂടെയുള്ള യാത്രയും ഗ്രാമങ്ങളുടെ ഭംഗി തെല്ലും ചോർന്ന് പോകാത്ത റോഡുകളും ആദ്യമായി പോകുന്നവർക്ക് ഒരു അതിശയം തന്നെയാണ്. സെന്തമിഴ് പേസുന്ന വഴികളിലെ പൊള്ളുന്ന ചൂടും ഇടക്കിടെ ഓടി എത്തുന്ന മഴക്കാറും സുന്ദരപാണ്ഡ്യപുരത്തിന് സൗന്ദര്യം ഒന്നു കൂടി കൂട്ടും. മനോഹരമായ കാൻവാസിൽ പ്രകൃതി മനുഷ്യനുവേണ്ടി വരക്കുന്ന ചിത്രം പോലെയാണ് ഈ കാഴ്ചകളെല്ലാം.
സൂര്യകാന്തിപാടങ്ങൾക്ക് മാത്രം പേര് കേട്ട സ്ഥലമല്ല സുന്ദരപാണ്ഡ്യപുരം നിറയെ നെൽപ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുള്ള ഗ്രാമങ്ങൾ മലയാളികൾക്ക് മാത്രമല്ല പലർക്കും ഒരു കൗതുക കാഴ്ച തന്നെയാണ്. വലിയ കാറ്റാടികള്‍, വാളേന്തിയ വീരന്‍ കാവല്‍ കൊള്ളുന്ന ക്ഷേത്രങ്ങള്‍, നിരനിരയായി നില്‍ക്കുന്ന കൂറ്റന്‍ കരിമ്പനകള്‍, അതിനുമപ്പുറം അങ്ങകലെയായി മനോഹരമായ മലനിരകള്‍, കുറ്റിച്ചെടികള്‍ക്കിടയിലൂടെ മേഞ്ഞുനടക്കുന്ന ആട്ടിന്‍ കൂട്ടവും കാലിക്കൂട്ടവും, കാളവണ്ടികള്‍, പാടവരമ്പിലൂടെയും നാട്ടുവഴികളിലൂടെയും നിറഞ്ഞു നിൽക്കുന്ന കനകാമ്പരവും ജമന്തിയും മറ്റു പൂക്കളും എല്ലാം ആദ്യമായി എത്തുന്നവർക്ക് ഒരു മനോഹരകാഴ്ചയാണ്. ഒരുപക്ഷേ ഈ കാഴ്ചകൾ തന്നെയാണ് സഞ്ചാരികളെ വീണ്ടും ഇവിടേയ്‌ക്ക് എത്തിക്കുന്നത്.

അന്യൻ പാറയും സുന്ദരപാണ്ഡ്യ പുരത്തെ സിനിമകളും
സുന്ദരപാണ്ഡ്യപുരത്തെത്തിയാൽ മാറ്റി നിർത്താനാകാത്ത ഒരു കാഴ്ചയാണ് അന്യൻപാറ. തെങ്കാശിയിൽ നിന്ന് സുന്ദരപാണ്ഡ്യപുരത്തേക്കുള്ള യാത്രയിൽ നാല് കിലോമീറ്റർ മാറിയാണ് അന്യൻപാറ. റോഡരികിൽ തന്നെ വലതു വശത്തായി ഒരു പാറക്കൂട്ടം കാണാം. പണ്ട് പുലിയൂർ പാറ എന്ന് അറിയപ്പെടുന്ന സ്ഥലം പിൽക്കാലത്താണ് അന്യൻ പാറ എന്ന് അറിയപ്പെടാൻ തുടങ്ങിയത്. അന്യൻ സിനിമയിലെ ഗാനചിത്രീകരം നടന്നത് ഇവിടെ വെച്ചാണ്. പിന്നീട് സിനിമയും ഗാനവും ഹിറ്റായതോടെ അന്യൻ പാറകാണാനും നിരവധിപ്പേർ എത്തി തുടങ്ങി. അതിന് ശേഷം പ്രശസ്തമായ പുലിയൂർപാറ പിന്നീട് അന്യൻ പാറയായി മാറുകയായിരുന്നു. സുന്ദരപാണ്ഡ്യപുരം കേരളത്തിന് സുപരിചിതമാക്കിയ നിരവധി തമിഴ് സിനിമകളുണ്ട്.
സുന്ദരപാണ്ഡ്യപുരത്തേയ്‌ക്ക് എങ്ങനെ എത്താം
തിരുവനന്തപുരത്ത് നിന്ന് സുന്ദരപാണ്ഡ്യപുരത്തേയ്‌ക്ക് യാത്ര ചെയ്യുന്നവർക്ക് തമ്പാനൂർ സ്റ്റാന്റിൽ നിന്നും നേരിട്ട് തെങ്കാശി ബസ് കിട്ടും. ബസിൽ തെങ്കാശി ടൗണിൽ എത്താൻ കഴിയും. അവിട നിന്നും ഏകദേശം 9 കിലോമീറ്റർ കൂടിയുണ്ട് സുന്ദരപാണ്ഡ്യപുരത്തേക്ക്. സീസൺ സമയത്തും അല്ലാത്തപ്പോഴും തെങ്കാശി സ്റ്റാന്റിൽ നിന്ന് സുന്ദരപാണ്ഡ്യപുരത്തേയ്‌ക്ക് സുലഭമായി ബസ് കിട്ടും. ഇനി മറ്റു ജില്ലകളിൽ നിന്നും എത്തുന്നവർക്കും ബസ് മാർഗ്ഗം തെങ്കാശിയിൽ എത്താവുന്നതാണ്.
ട്രെയിൻ മാർഗ്ഗമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ കൊല്ലം സ്റ്റേഷനിൽ നിന്നും തെങ്കാശി ട്രെയിൻ മാർഗ്ഗം തിരഞ്ഞെടുക്കാവുന്നതാണ്. ചെങ്കോട്ടയും ആര്യാങ്കാവും വഴിയുള്ള യാത്ര വളരെ മനോഹരമാണ്.















