ആലപ്പുഴ: നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നഗരത്തിലും പുന്നമടയിലും വൻ സുരക്ഷയൊരുക്കി പോലീസ്. രണ്ടായിരത്തിലധികം പോലീസുകാരെയാണ് ആലപ്പുഴയിലും പുന്നമടയുടെ പരിസരത്തുമായി വിന്യസിപ്പിക്കുക. ഇത് കൂടാതെ കായലിലെ സുരക്ഷക്കായി 50 ബോട്ടുകളിൽ പ്രത്യേകം പോലീസുകാരെയും നിയോഗിക്കും.
പുന്നമടയും പ്രദേശങ്ങളും സിസിടിവി ക്യാമറ നിരീക്ഷണത്തിലായിരിക്കും. അതേസമയം നാളെ രാവിലെ ആറ് മുതൽ രാത്രി എട്ടു വരെ വള്ളംകളി നടക്കുന്ന പ്രദേശത്ത് ട്രോൺ പറത്താൻ അനുവദിക്കുകയില്ല. 100 മീറ്റർ ചുറ്റളവ് വരെയാണ് ട്രോൺ പറത്താൻ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മത്സരം നടക്കുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ അനുവാദമില്ലാതെ ട്രോൺ പറത്തിയാൽ കർശന നടപടികൾ സ്വീകരിക്കും.
മാല മോഷണം, പോക്കറ്റടി, മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെ പ്രതിരോധിക്കാനായി ഷാഡോ പോലീസിനെയും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിട്ടുണ്ട്. വള്ളം കളിയുടെ നിയമാവലി അനുസരിക്കുന്നുണ്ടോ, നിയമങ്ങൾ തെറ്റിക്കുന്നുണ്ടോ എന്നീ കാര്യങ്ങൾ ശ്രദ്ധിക്കാൻ വീഡിയോ ക്യാമറകൾ സജ്ജമാക്കിയിട്ടുണ്ട്.
രാവിലെ എട്ടുമണിക്ക് ശേഷം ഒഫീഷ്യല്‍ അല്ലാത്ത ബോട്ടുകളും സ്പീഡ് ബോട്ടുകളും വള്ളങ്ങളും മത്സരട്രാക്കില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും മൂന്ന് വര്‍ഷത്തേക്ക് സസ്പെൻഡ് ചെയ്യുന്നതായിരിക്കും. ഇത് കൂടാതെ അനൗൺസ്മെന്റ്, പരസ്യ ബോട്ടുകള്‍ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും സഞ്ചരിക്കാൻ പാടില്ല.
പുന്നമടയും പരിസരവും 15 സെക്ടറുകളായി തിരിച്ച് ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ 20 ഡിവൈഎസ്പിമാർ, 50 ഇൻസ്പെക്ടർമാർ, 465 എസ്.ഐമാർ എന്നിവരുള്‍പ്പടെ രണ്ടായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാകും നാളെ വള്ളംകളിയുടെ സുരക്ഷക്കായി വിന്യസിപ്പിക്കുക.
Comments