ചെന്നൈ: ജപ്പാന്റെ പ്രതിരോധ കോട്ടയെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കിയിൽ ഫൈനലിലേക്ക്. ചെന്നൈയിൽ നടന്ന മത്സരത്തിൽ
എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ ജപ്പാൻ സമനിലയിൽ പൂട്ടിയിരുന്നു. നാളെ നടക്കുന്ന ഫൈനലിൽ മലേഷ്യയെ ഇന്ത്യ നേരിടും.
ആദ്യ ക്വാട്ടറിൽ ഇന്ത്യയ്‌ക്ക് ഗോളടിക്കാൻ അവസരമൊരുക്കാതെ ജപ്പാൻ കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ ജപ്പാന്റെ തന്ത്രങ്ങളെ തകർത്ത് കൊണ്ട് രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിലെ അക്ഷദീപ് സിംഗിലൂടെ ഇന്ത്യ ലീഡെടുത്തു. 23-ാം മിനിറ്റിൽ ഹർമൻപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയർത്തിയതോടെ ജപ്പാൻ സമ്മർദ്ദത്തിലായി. രണ്ടാം പകുതിയിലെ മൂന്നാം ഗോളിലൂടെ മൻദീപ് സിംഗ് ഇന്ത്യൻ വിജയം ഉറപ്പാക്കി.
കളി തുടങ്ങി 30-ാം മിനിറ്റിലായിരുന്നു മൻദീപിന്റെ ഗോൾ വീണത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിലൂടെ വിജയമുറപ്പിച്ച ഇന്ത്യ ഗോൾവേട്ട അവസാനിപ്പിക്കാൻ ഒരുക്കമല്ലായിരുന്നു. മൂന്നാം ക്വാർട്ടറിൽ സുമിത്തിലൂടെ ഇന്ത്യ ലീഡ് നാലാക്കി ഉയർത്തി. പിന്നീട് ഗോളടിക്കാൻ അനുവദിക്കാതെ ജപ്പാൻ ഇന്ത്യയെ വരുതിയിൽ നിർത്തിയെങ്കിലും അവസാന ക്വാർട്ടറിൽ ഇന്ത്യ ഒരു ഗോൾ കൂടി ജപ്പാന്റെ വലയിലെത്തിച്ചു. സ്വന്തം നാട്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ തമിഴ്‌നാട് സ്വദേശി കാർത്തിയാണ് ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ലീഡ് അഞ്ചാക്കി ഉയർത്തിയത്. ഇന്ത്യയ്‌ക്കെതിരെ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ജപ്പാന്റെ ശ്രമങ്ങൾ ഇന്ത്യൻ പ്രതിരോധത്തിലും മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്റെ മിന്നും പ്രകടനത്തിലും നാമാവശേഷമായി.
Comments