ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് കത്തിയപ്പോഴായിരിക്കും പ്ലാസ്റ്റിക് നമ്മുടെ ദൈന്യംദിന ജീവിതത്തിൽ വില്ലനായി മാറുന്ന കാര്യം ചിലർക്കെങ്കിലും ബോധ്യമായത്. അതോടെ നാം പ്ലാസ്റ്റിക്കിനെ തുരത്താനുള്ള വിദ്യകൾ അന്വേഷിക്കുന്ന തിരക്കിലുമായി. അതിനിടയിൽ പ്ലാസ്റ്റിക് എന്ന ഭീകരനെ ഇല്ലാതാക്കാൻ പട്ടാളപ്പുഴുക്കളെ ഏർപ്പാടാക്കിയവരും നമുക്കിടയിലുണ്ട്. ഇനി പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും സോപ്പും പരീക്ഷിച്ചു നോക്കാം..
അമേരിക്കയിലെ വിർജീനിയ ടെക് സർവകലാശാലയിലെ ഗവേഷകരാണ് പഴയ പ്ലാസ്റ്റിക്കിൽ നിന്നും സോപ്പ് നിർമ്മിച്ചെടുത്തിരിക്കുന്നത്. പോളിഎഥിലീനെ ഫാറ്റി ആസിഡിലേക്കും തുടർന്ന് സോപ്പിലേക്കും മാറ്റിയെടുക്കാൻ സാധിക്കുമെന്ന് ഗവേഷകരിലൊരാൾ കണ്ടെത്തിയതോടെയാണ് പ്ലാസ്റ്റിക്കിൽ നിന്നും സോപ്പെന്ന ആശയം ഉടലെടുക്കുന്നത്. ക്രിസ്മസ് കാലത്ത് വീട്ടിൽ തീകായുകയായിരുന്ന സർവകലാശാലയിലെ കെമിസ്ട്രി വിഭാഗം അധ്യാപകരിലൊരാളായ ഗുയലാങ് ലിയുവിന്റെ തലയിലാണ് ഇത്തരമൊരാശയം ഉണ്ടാവുന്നത്. വിറക് കത്തുമ്പോൾ ഉയരുന്ന പുകയിൽ വിറകിന്റെ അംശമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. സമാനമായി പ്ലാസ്റ്റിക് കത്തിക്കുന്നത് പഠനം മുന്നോട്ട് പോകാൻ സഹായകരമാകുമെന്ന് അദ്ദേഹത്തിന് മനസിലായി
പ്ലാസ്റ്റിക് കത്തിക്കുമ്പോൾ വിറകിലേതുപോലുള്ള പോളിമറുകൾ ചെയിനുകളായി രൂപമാറ്റം സംഭവിക്കുകയും പിന്നീട് വാതക തന്മാത്രകളായി മാറുകയും ചെയ്യുന്നുണ്ട്. ഈ പോളിമറുകളെ വേർതിരിച്ചാണ് ഗവേഷകർ പഠനം മുന്നോട്ടു കൊണ്ടു പോയത്. ഗവേഷകർ പ്ലാസ്റ്റിക് കത്തിക്കാനായി ഓവന് സമാനമായ ഒരു ഉപകരണം നിർമ്മിച്ചെടുക്കുകയും അമിതമായി ഇത് കത്തി പോകാതിരിക്കാനായി വേണ്ട സംവിധാനങ്ങളും ഉപകരണത്തിൽ ഘടിപ്പിച്ചാണ് പരീക്ഷണം ചെയ്തത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി കഴിഞ്ഞപ്പോൾ മെഴുക് രൂപത്തിൽ കിട്ടിയ വസ്തുവിനെ പിന്നീട് ഇവർ സോപ്പാക്കി മാറ്റുകയായിരുന്നു. ഈ രീതി പോളിഎഥിലീൻ, പോളിപ്രോപ്പലീൻ എന്നീ രണ്ട് പ്ലാസ്റ്റിക് വിഭാഗങ്ങളിൽ മാത്രമേ പ്രാവർത്തികമാകുകയുള്ളൂവെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
Comments