കൊൽക്കത്ത: മണിപ്പൂർ വിഷയത്തെ വേണ്ടവിധം സഭയിൽ ചർച്ച ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ വേദനയ്‌ക്കും വിഷമങ്ങൾക്കുമല്ല പ്രതിപക്ഷം പ്രധാന്യം നൽകുന്നതെന്നും രാഷ്‌ട്രീയം കളിക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. പശ്ചിമ ബംഗാളിൽ നടന്ന ക്ഷത്രിയ പഞ്ചായത്ത് രാജ് പരിഷത്ത് യോഗത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. അവിശ്വാസ പ്രമേയത്തിന് മറുപടി പ്രസംഗം നൽകുന്നതിനിടെ സഭയിൽ നിന്നിറങ്ങി പോയ പ്രതിപക്ഷ സമീപനത്തെയും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
സഭ കൂടുന്നതിന് മുമ്പ് തന്നെ മണിപ്പൂർ വിഷയത്തിൽ ചർച്ച ചെയ്യാൻ താത്പര്യപ്പെടുന്നുവെന്ന് വ്യക്തമാക്കി എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കത്ത് നൽകിയതാണ്. മണിപ്പൂർ വിഷയത്തിൽ മാത്രം വിശദമായ ചർച്ച നടത്തേണ്ടത് അത്യാവശ്യമാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. പക്ഷെ എന്താണ് സംഭവിച്ചതെന്ന് രാജ്യം കണ്ടു. ചർച്ച നടത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോഴും അതിനുള്ള സാഹചര്യം ഒഴിവാക്കിയിരുന്നത് പ്രതിപക്ഷം തന്നെയായിരുന്നു. സഭയിൽ നിന്ന് ഓടിയൊളിച്ച പ്രതിപക്ഷ നേതാക്കളെ രാജ്യം മുഴുവൻ കണ്ടതാണ്. മണിപ്പൂരിലെ ജനങ്ങളോട് ഇത്തരത്തിൽ പെരുമാറിയ പ്രതിപക്ഷ സമീപനം നിർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വളരെ സെൻസിറ്റീവായ ഇത്തരം വിഷയങ്ങളിൽ ചർച്ച നടത്തുമ്പോൾ അത് മണിപ്പൂരിലെ ജനങ്ങൾക്ക് വലിയൊരു ആശ്വാസം നൽകുന്നതാണ്. മണിപ്പൂരിലെ പ്രശ്‌നത്തെ ചർച്ചയാക്കുമ്പോൾ തീർച്ചയായും ചില പരിഹാര മാർഗങ്ങൾ ഉയർന്നുവരിക തന്നെ ചെയ്യും. പക്ഷെ പ്രതിപക്ഷത്തിന് മണിപ്പൂർ വിഷയം ചർച്ചയാകുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. കാരണം അതിലൂടെ മണിപ്പൂരിനെക്കുറിച്ച് പുറത്തുവരുന്ന പല സത്യങ്ങളും അവർക്ക് വലിയ തിരിച്ചടിയാകുമെന്ന് ഭയന്നിട്ടാണത്. മണിപ്പൂരിലെ ജനങ്ങളുടെ വേദനയോ പ്രശ്‌നങ്ങളോ ഒന്നും തന്നെ പ്രതിപക്ഷത്തെ അലട്ടുന്ന കാര്യമല്ല. അവർക്ക് രാഷ്‌ട്രീയം മാത്രമാണ് വിഷയം. അതുകൊണ്ടാണ് ചർച്ച ഒഴിവാക്കി ഓടിയൊളിക്കാൻ പ്രതിപക്ഷം ശ്രമിച്ചതെന്നും പ്രധാനമന്ത്രി വിമർശിച്ചു.
140 കോടി ഇന്ത്യൻ പൗരന്മാരുടെ അനുഗ്രഹത്താൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസപ്രമേയം വിലപോയില്ല. മണിപ്പൂർ വിഷയത്തിലെ നിജസ്ഥിതിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കേണ്ടത് ബിജെപി പ്രവർത്തകരുടെ കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments