തൃശൂർ: കഴിഞ്ഞ ഏഴ് വർഷത്തിനിടെ കേരളം കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിൽ ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നോട്ട് മാത്രമേ വരുകയുള്ളുവെന്നും അനിൽ ആന്റണി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
‘കേരളത്തിൽ അഴിമതിയും വർഗീയതയും വർദ്ധിച്ചുവരികയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഭരണമാറ്റം ഉണ്ടാകേണ്ടത് അനിവാര്യമാണ്. അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ഈ അഴിമതി സർക്കാരിനെ ഇല്ലാതാക്കി ബിജെപിയെ അധികാരത്തിൽ കൊണ്ടുവരും എന്നത് ഉറപ്പാണ്. ഒരു മണ്ഡലങ്ങളിലും ബിജെപി പിറകോട്ട് പോകില്ല. കോടിക്കണക്കിന് യുവാക്കളെ പോലെ നരേന്ദ്രമോദി സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഞാൻ വിശ്വസിക്കുന്നുണ്ട്. ഇന്ത്യ ലോകത്തിന് മുന്നിൽ തന്നെ മഹാശക്തിയായി മാറിയിരിക്കുകയാണ്’ അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ആദ്യ 67 വർഷം നടന്നതിനേക്കാൾ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയത്. ഇത്രയും വികസനമൊന്നും രാജ്യത്ത് മറ്റൊരു സർക്കാരും നടപ്പാക്കിയിട്ടില്ല. 74-ൽ നിന്ന് വിമാനത്താവളങ്ങളുടെ എണ്ണം 150 ആയി ഉയർന്നു. വരും നാളുകളിൽ ചുരുക്കം സമയത്തിനകം കൂടുതൽ വികസനം അദ്ദേഹം നടപ്പിലാക്കും. നരേന്ദ്രമോദി സർക്കാരിന് വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. സ്ഥാനമാനങ്ങൾ ഒന്നും മോഹിച്ചിട്ടില്ല. മറ്റുകാര്യങ്ങളെല്ലാം പാർട്ടിയാണ് ചർച്ച ചെയ്തു തീരുമാനിക്കേണ്ടതെന്നും അനിൽ ആന്റണി പറഞ്ഞു.
Comments