സമുദ്രങ്ങളുടെ അടിത്തട്ടുകൾ ഇന്നും കാണാമറയത്താണ്. ആ നിഗൂഢ രഹസ്യങ്ങൾ തേടി ഇറങ്ങുന്ന ശാസ്ത്രജ്ഞർക്കായി മായക്കാഴ്ചകളാണ് കടലാഴങ്ങൾ സമ്മാനിക്കാറുള്ളത്. അത്തരത്തിൽ ഒരു അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ അന്റാർട്ടിക്കൻ സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്നും വരുന്നത്.
20 കൈകളും സ്‌ട്രോബറി ആകൃതിയിലുമുള്ള ഒരു ജീവിയാണ് ഗവേഷകരെ ഇപ്പോൾ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിൽ ട്രോളിംഗ് പര്യവേഷണത്തിനിടെയാണ് ഗവേഷകരുടെ ഈ കണ്ടെത്തൽ. ജൂലൈ 14-ന് പ്രസിദ്ധീകരിച്ച ‘ ഇൻവെർട്ടെബ്‌റേറ്റ് സിസ്മാറ്റിക്’ എന്ന ശാസ്ത്ര ജേണലിലാണ് ഈ ജീവിയുമായി സംബന്ധിച്ച വിവരങ്ങൾ അടങ്ങിയിട്ടുള്ളത്.
സമുദ്രത്തിന്റെ അടിത്തട്ടിൽ ഏകദേശം 65 അടി മുതൽ 65,000 അടി വരെ ആഴത്തിലാണ് ഇവ വസിക്കുന്നതെന്ന് ശാസ്ത്ര സമൂഹം കണ്ടെത്തി. ഇവ നക്ഷത്ര മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തമാർന്നവയാണ്. പ്രോമാക്കോക്‌റൈനസ് ഫിഗാറിയസ് എന്ന് ശാസ്ത്ര സമൂഹം പേരിട്ടിരിക്കുന്ന ഈ ജീവി പർപ്പിൾ, കടും ചുവപ്പ് തുടങ്ങിയ നിറങ്ങളിലും കാണപ്പെടുന്നു. സ്ട്രോബറിയുടെ ആകൃതിയുളളതുകൊണ്ടാണ് സ്പീഷിസിന് ഈ പേര് ലഭിച്ചിരിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.
Comments