ബെംഗളൂരു: കന്നട നടനും സംവിധായകനുമായ വീരേന്ദ്ര ബാബു അറസ്റ്റിൽ. യുവതിയുടെ പീഡന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിന് ആസ്പദമായ സംഭവം നടന്നത് 2021-ലായിരുന്നു. ലഹരി മരുന്ന് നൽകി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
യുവതിയുമായി സൗഹൃദത്തിലായിരുന്ന വീരേന്ദ്ര ബാബു, വീട്ടിലേയ്ക്ക് ക്ഷണിച്ചുവരുത്തുകയും ലഹരി മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചതായും പരാതിയിൽ പറയുന്നു. വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. ആഭരണങ്ങൾ അപഹരിക്കാൻ ശ്രമിച്ചതായും യുവതി പോലീസിന് മൊഴി നൽകി.
സംഭവത്തിൽ വീരേന്ദ്ര ബാബുവിന്റെ സുഹൃത്തും തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി വെളിപ്പെടുത്തിയിരുന്നു. സുഹൃത്തിനെതിരെയും യുവതി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സുഹൃത്തിന്റെ വിവരങ്ങൾ യുവതി പുറത്തുവിട്ടിട്ടില്ല. വീരേന്ദ്ര ബാബു തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
2011-ൽ പ്രദർശനത്തിനെത്തിയ ‘സ്വയം ക്രഷി’യാണ് വിരേന്ദ്ര ബാബു സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം. കന്നട സിനിമയിൽ തിരക്കഥാകൃത്തായും നിർമ്മാതാവായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്.
Comments