ലണ്ടൻ: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റിൽ നോർതാംപ്ടൻഷറിനായി രണ്ടാം മത്സരത്തിലും വെടിക്കെട്ട് പ്രകടനം നടത്തി പൃഥ്വി ഷാ. ചേതേശ്വർ പുജാരയുടെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് കൗണ്ടി ഏകദിന ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ താരത്തിന്റെ വിളയാട്ടം.
76 പന്തിൽ നിന്ന് 125 റൺസ് നേടിയ പൃഥ്വി ഷായുടെ ബാറ്റിംഗ് കരുത്തിൽ ഡെറത്തിനെതിരെ നോർതാംപ്ടൻഷർ 6 വിക്കറ്റിനാണ് വിജയിച്ചത്. 15 ഫോറും 7 സിക്‌സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. നേരത്തേ സോർമെറ്റിനെതിരായ ആദ്യ മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടി താരം റെക്കോർഡിട്ടിരുന്നു.
സോർമെറ്റിനെതിരെ 153 പന്തിൽ നിന്ന് 11 സിക്‌സും 28 ഫോറുമടക്കം 244 റൺസാണ് ഷാ അടിച്ചുകൂട്ടിയത്. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഡെറം നോർതാംപ്ടൻഷറിനു മുന്നിൽ 199 റൺസിന്റെ വിജയലക്ഷ്യമാണ് വെച്ചത്.
ഡെറം 43.2 ഓവറിൽ 198 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഓപ്പണറായി ഇറങ്ങി തുടക്കം മുതൽ അക്രമിച്ചു കളിച്ച പൃഥ്വി ഷാ ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ 10-ാം സെഞ്ച്വറി കണ്ടെത്തുകയായിരുന്നു. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നോർതാംപ്ടൻഷർ 25.4 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.
Comments