തിരുവനന്തപുരം: കരസേനയുടെ സ്വാതന്ത്ര്യ ദിനാഘോഷം പൊന്മുടിയിൽ സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കരസേനയിലെ ഒരു സംഘം പൊന്മുടിയിലെ കുന്നിൽ പതാക ഉയർത്തിയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. കാൽനടയായാണ് കുന്നിൻ മുകളിലെത്തി ദേശീയ പതാക ഉയർത്തി പ്രതിജ്ഞയെടുത്തത്.
ഇതിന് ശേഷം വിവിധ സ്കൂളുകൾ സന്ദർശിക്കുകയും കരസേനയിലെ അഗ്നിപഥ് പദ്ധതികളെക്കുറിച്ച് വിദ്യാർത്ഥികളോട് സംസാരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങളും അഗ്നിപഥിനെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്തു. 77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ കോട്ടകളിലും കുന്നിൻ മുകളിലും സൈന്യം ദേശീയ പതാക ഉയർത്തി.
ആഴക്കടലിൽ ദേശീയ പതാക ഉയർത്തി ഇന്ത്യൻ നാവികസേന സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിലാണ് നാവികസേനയുടെ മുങ്ങൽ വിദഗ്ദർ പതാക ഉയർത്തിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മുങ്ങൽ വിദഗ്ധരും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു.
ഇന്ത്യൻ നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റും പ്രധാനമന്ത്രിയുടെ ഹർ ഘർ തിരംഗയിൽ പങ്കെടുത്തു. നാവികസേനയുടെ മിസൈൽ നശീകരണ കപ്പലായ ഐഎൻഎസ് റാണയിൽ അവർ ദേശീയ പതാക ഉയർത്തി. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച നാവികസേനയിലെ വീരന്മാർക്ക് മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു.
Comments