1199 ലെ തിരുവോണം നക്ഷത്രത്തിന്റെ പുതുവർഷ ഫലം
മഹാവിഷ്ണുവിന്റെ നക്ഷത്രമാണ് തിരുവോണം . അതുകൊണ്ട് ഭഗവാനിൽ അധിഷ്ഠിതമായ ചില സ്വഭാവ വിശേഷങ്ങൾ കാണപ്പെടും. കൂലീനമായ പെരുമാറ്റവും ദയാശീലവും ഉണ്ടാവും. പരോപകാര താല്പര്യം ഉള്ളവരാണ്. നല്ല സംഭാഷണ ശൈലി കാരണം നല്ല ഒരു കൂട്ടം സുഹൃത്‌ബന്ധം ഉണ്ടായിരിയ്‌ക്കും. മറ്റുള്ളവരുടെ സങ്കടങ്ങളിൽ തന്നാൽ കഴിയുന്ന വിധം സഹായിക്കും. ആരെയും കുറ്റപ്പെടുത്തില്ല ഒറ്റപ്പെട്ടു നിൽക്കുന്ന മനുഷ്യർക്ക് താങ്ങും തണലും ആയിരിക്കും. ഇവരുടെ പെരുമാറ്റം കൊണ്ട് ആത്മഹത്യ ചെയ്യാൻ പോകുന്നവർ പോലും ജീവിതത്തിൽ തിരിച്ചുവരും. എപ്പോഴും ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാവും. ഈശ്വരീയകാര്യങ്ങളിൽ ഒരു പ്രത്യേക താത്പര്യം ഉണ്ടാവും. എന്ത് ദുഃഖമുണ്ടായാലും വിശ്വസിക്കുന്ന ദൈവത്തിന് മുന്നിൽ ആ സങ്കടങ്ങൾ പറഞ്ഞുതീർക്കുകയും ചെയ്യും. ആരെയും ആശ്രയിക്കാൻ താല്പര്യം ഇല്ലാത്തവരാണ് എന്നാൽ ചില സന്ദർഭങ്ങളിൽ ഇവർ ആശ്രയിക്കേണ്ട സാഹചര്യം വരും. ഭക്ഷണപ്രിയരും നല്ല സത്കാരപ്രിയരുമായിരിക്കും. ആഹാരത്തിലാണ് ഏറ്റവും വലിയ ഈശ്വരീയത ഉണ്ടാകുന്നത് എന്ന് കരുതുന്നവരാണ്. സ്വജനങ്ങളിൽ നിന്നും ഒരുപാട് തിക്താനുഭവങ്ങൾ ഉണ്ടാവും. ആരും എന്നെ സ്നേഹിക്കുന്നില്ല എന്നും അവർ സ്നേഹിക്കുന്ന പോകുന്നപോലെ മറ്റുള്ളവർ സ്നേഹിക്കുന്നില്ല എന്ന് പ്രകടിപ്പിക്കാതെ മനസിൽ ഇട്ടു കൊണ്ട് നടക്കും. 30 മുതൽ 46 വയസുവരെയാണ് ഇവരുടെ ഏറ്റവും നല്ലകാലം.
ഈ നക്ഷത്രജാതകരായിട്ടുള്ള സ്ത്രീകൾക്ക് നല്ല ഭർത്താക്കന്മാരെ കിട്ടുകയും അങ്ങേയറ്റം സ്നേഹമുള്ള സന്താനങ്ങളെ കിട്ടും. പുരുഷന്മാരെ സംബന്ധിച്ച് 26 നും 30 നും ഇടയിൽ ആണ് ഏറ്റവും നല്ലവിവാഹം നടക്കും. സ്ത്രീകൾക്ക് 21 മുതൽ 26 വയസ്സുവരെയാണ് ഏറ്റവും നല്ല വിവാഹ കാലം.
ചിങ്ങം
സാമ്പത്തികമായ ക്രയവിക്രയങ്ങളിൽ വളരെയധികം ജാഗ്രത പാലിക്കുക. സർക്കാരിൽ നിന്നോ കുടുംബത്തിൽ നിന്നോ അന്യജനങ്ങളിൽ നിന്നോ ദുരനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. അനാവശ്യ കൂട്ടുകെട്ടുകളിൽ അകപ്പെടാനും മാനഹാനി ധനനഷ്ടം ഒക്കെയും സാധ്യത. ധനസംബന്ധമായ തർക്കങ്ങൾ കോടതി വരെ എത്തിയേക്കാം. നിനച്ചിരിക്കാത്ത സമയത്തു ആപത്തും, രോഗങ്ങളും അലട്ടിയേക്കാം. തൊഴിൽ ഇടങ്ങളിൽ സ്ഥാനനഷ്ടം വരെ സംഭവിക്കാം. ജാതകം ഗ്രഹിച്ചു പരിഹാരം അനിവാര്യം.
കന്നി
സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ഉണ്ടാകും എങ്കിലും ദൂരദേശത്തേക്ക് സ്ഥാനചലനം ഉണ്ടായേക്കാം. സൽസുഹൃത്തുക്കൾ ഉണ്ടാകുകയും, അവരിൽ നിന്നും സഹായസഹകരണങ്ങൾ ഉണ്ടാകുകയും ചെയ്യും. നല്ല കാര്യങ്ങൾ ചെയ്യുവാൻ ഉള്ള അവസരം പ്രശസ്തി വ്യവഹാര വിജയം ഐശ്വര്യം ആടയാഭരണയലങ്കാരങ്ങൾ വർദ്ധിക്കുക വളരെ കാലമായി ഉണ്ടായിരുന്ന രോഗങ്ങൾ മാറി ശരീര സുഖം കൈവരുക, എല്ലാ കാര്യങ്ങളും തന്റെ നിയന്ത്രണത്തിൽ വരുകയും ഫലം.
തുലാം
സന്താന ഭാഗ്യം. പൊതു പ്രവർത്തകർക്ക് അന്യജനങ്ങളാൽ ആദരം. വിവാഹ ഭാഗ്യം. കലാമത്സരത്തിലും കായിക മത്സരത്തിലും വിജയം. ഭൂമിലാഭം. കൃഷി പക്ഷി മൃഗാദികളിൽ വഴി ധനനേട്ടം. അമ്മാവൻ സ്ഥാനത്തുള്ളവരിൽ നിന്നും ഗുണാനുഭവങ്ങൾ. ജീവിതസുഖം അനുഭവിക്കാൻ ഭാഗ്യം, തൊഴിൽ വിജയം. എന്നിവയും പ്രതീക്ഷിക്കാം. എന്നാൽ ചിലവ് വർദ്ധിക്കുകയും വരവ് കൊണ്ട് തികയാതെ വരുകയും ചെയ്യുന്ന കാലം ആണ്. ആർക്കെങ്കിലും കടം കൊടുക്കുമ്പോൾ ശ്രദ്ധ പാലിക്കുക.
വൃശ്ചികം
വളരെക്കാലമായി സ്വപ്നം കണ്ടിരുന്ന വ്യാപാരം അല്ലെങ്കിൽ ബിസിനസ്സ് നടപ്പിലാകും. വീട്ടിൽ കുടുംബ സമാധാനവും സന്തോഷവും അനുഭവപ്പെടും. ശത്രു നാശം നിശ്‌ചയം.ചെയുന്ന പ്രവർത്തികൾ എല്ലാം തന്നെ ലാഭത്തിൽ കലാശിക്കുക. രോഗശാന്തി, ഈശ്വര വിശ്വാസത്തിലും ആചാരാനുഷ്ടാനങ്ങളിലും താല്പര്യം വർദ്ധിക്കുക കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തു ചേർന്നു പുണ്യസ്ഥലങ്ങൾ സന്ദര്ശിക്കാനും യോഗം. മൊത്തത്തിൽ നല്ല സമയമാണ്.
ധനു
വിദേശയാത്ര, വാസം, തൊഴിൽ ഒക്കെയും ഫലത്തിൽ വന്നാലും എല്ലാവര്ക്കും അത് അനുകൂലമായിരിക്കില്ല. പല വിധ തൊഴിൽ ചെയ്യണ്ട അവസ്ഥ സംജാതമാകും. അഹങ്കാരവും അഹന്തയും കാരണം തൊഴിൽ ഇടങ്ങളിൽ പലേ പ്രശ്നങ്ങളും ഉണ്ടാകും. അനാവശ്യ ശത്രുത ഉണ്ടാകും. അമിത ആഡംബര പ്രിയത്വം ദോഷം ചെയ്യും. ബിസിനസിൽ തിരിച്ചടി നേരിട്ടേക്കാം. ചെയുന്ന പ്രവർത്തികൾ ഫലമില്ലാതെ പോകുക. സുഹൃത്തുക്കളുമായി കലഹം. നല്ലതു ചെയ്താലും ദോഷം സംഭവിക്കുക.
മകരം
ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്വപ്നസാക്ഷാത്കാരം ഉണ്ടാകും. സഞ്ചാരശീലം വർദ്ധിക്കും, നിദ്രതടസം, വിദ്യാർത്ഥികൾക്ക് ചില വിഷയങ്ങളിൽ പരാജയം, സ്ത്രീകൾ മൂലം ദോഷാനുഭവങ്ങൾ ഉണ്ടാകാനും, അത് വഴി ധനനഷ്ടം, മാനഹാനി ഒക്കെയും ഫലം. എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ തൊഴിൽ നോക്കുന്നവർക്ക് സ്ഥാനക്കയറ്റം ഉണ്ടാകും. ചിലർക്ക് കൈക്കൂലിയിൽ കുടുങ്ങാൻ യോഗം ഉണ്ട്. വേണ്ടപ്പെട്ടവരുടെ വിയോഗം സംഭവിച്ചേക്കാം.
കുംഭം
സുരക്ഷിതമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ പണം മുടക്കാതെ ഇരിക്കുക, വഞ്ചിക്കപെട്ടക്കാം. ശത്രുക്കളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാകും. തെറ്റിദ്ധാരണകൾ ഉണ്ടാകുന്ന കാരണം മേലധികാരിയുടെ അപ്രീതി സംഭവിക്കാം. ശാരിക അദ്ധ്വാനവും സാഹസികവും ആയ തൊഴിൽ നോക്കുന്നവർ അപകടം ഉണ്ടാകാതെ ശ്രദ്ധിക്കുക. ഉയരത്തിൽ നിന്നും വീഴ്‌ചക്ക് സാധ്യത ഉണ്ട്. ഒടിവ്, മുറിവ്, ചതവ് എന്നിവക്ക് സാധ്യത. ജലദോഷം, പനി, വാതപിത്ത രോഗങ്ങൾ പിടിപെടാൻ സാധ്യത ഉണ്ട്.
മീനം
സൽസുഹൃത്തുക്കൾ ഉണ്ടാകുകയും അതുവഴി ഗുണാനുഭവങ്ങൾ ഉണ്ടാകുകയും ചെയ്യും. വസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക പുരോഗതി ഉണ്ടാകും. സന്താനങ്ങളുടെ സംരക്ഷണത്തിൽ മാതാപിതാക്കൾക്ക് ആശ്വാസം തോന്നും. മക്കളുടെ വളർച്ചയിൽ മാതാപിതാക്കൾക്ക് അഭിമാനിക്കാൻ സാധിക്കും. രാഷ്‌ട്രീയത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കും. സർക്കാർ തൊഴിലിൽ ഉള്ളവർക്ക് ഉത്തരവാദിത്തം വർദ്ധിക്കുന്ന തൊഴിൽ കയറ്റം ഉണ്ടാകാം.
മേടം
തിരുവോണം നക്ഷത്രക്കാരെ മേടവിഷു സംക്രമം അപകടത്തിൽ ആകും. തൊഴിൽപരമായി അഗ്നി ആയുധം ഒക്കെ ഉപയോഗിക്കുന്നവർ വളരെ ജാഗ്രത പുലർത്തുക. പകർച്ച വ്യാധികൾ പിടിപെടാൻ സാധ്യത ഉണ്ട്. ത്വക്ക് രോഗങ്ങൾ ഉള്ളവർ ജാഗ്രത പാലിക്കുക. തൊഴിലിൽ സ്ഥാനചലനം സംഭവിച്ചേക്കാം. ശത്രുശല്യം ദുരിതത്തിലാകും. സഹോദര സ്ഥാനത്തുള്ളവർക്ക് ബുദ്ധിമുട്ടുകൾ വരും. പൂർവിക സ്വത്തിൽ തർക്കങ്ങൾ ഉണ്ടാകും. ലഹരിയിൽ ആസക്തി വർദ്ധിക്കും.
ഇടവം
ഉദ്യോഗസ്ഥർക്ക് ഔദ്യോധിക ചുമതലകൾ വർദ്ധിക്കുകയും യാത്ര ക്ലേശം ഉണ്ടാകുകയും ചെയ്യും. വിദ്യാർത്ഥിക്കൾക്ക് മികച്ച നിലവാരം പുലർത്താൻ സാധിക്കും. ക്ഷീര കർഷകരെ സംബന്ധിച്ചു വളരെയധികം ധനനേട്ടം ഉണ്ടാകും. ഭൂമിലാഭം, സന്താനങ്ങളെ കൊണ്ടുള്ള ഗുണാനുഭവങ്ങൾ ഒക്കെയും സിദ്ധിക്കും. ചിത്രരചനാ, സംഗീതം, നൃത്തം തുടങ്ങിയ കലകൾ അഭ്യസിപ്പിക്കുന്നവർക്ക് ആദരം വന്നു ചേരും. ഇവർക്ക് മുന്പില്ലാത്ത വിധം പേരും പ്രസിദ്ധിയും പ്രതീക്ഷിക്കാം.
മിഥുനം
വാക്ക് തർക്കങ്ങളിൽ നിന്നും ബുദ്ധിപൂർവം ഒഴിവായി പോയില്ല എങ്കിൽ പലേ നഷടങ്ങളും ഉണ്ടാകും. അമിത ആത്മവിശ്വാസം, ജാമ്യം നിൽക്കുക, കടം കൊടുക്കുക എന്നിവ ഒന്നും ഈ മാസം ചെയ്യാതിരുന്നാൽ നന്നായിരിക്കും. രക്തജന്യ രോഗങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തുക. ഔദ്യോഗിമായ പലേ കാര്യങ്ങളിലും ഒരുമിച്ചു നില്കും എങ്കിലും സഹപ്രവർത്തകരിൽ ആരൊക്കെ യഥാർത്ഥത്തിൽ കൂടെ ഉണ്ട് എന്ന് ഈ മാസം മനസിലാക്കാൻ ഉള്ള സാഹചര്യം സംജാതമാകും. ശത്രു നാശം ഉണ്ടാകും.
കർക്കടകം
ദമ്പതികളിൽ ഐക്യത കുറവ് അനുഭവപ്പെടാം, സന്താനങ്ങളിൽ രോഗദുരിതം ഉണ്ടാകും. അവിവാഹിതർക്ക് വിവാഹ തടസം ഉണ്ടാകും. അപകടങ്ങൾ സംഭവിക്കാവുന്ന മാസം ആണ്. ഒടിവ്, ചതവ്, മുറിവ് ഒക്കെ ഉണ്ടാകും. അനാവശ്യ ചിന്തകൾ മനസ്സിൽ ഉണ്ടാകുകയും ആത്മഹത്യാ പ്രവണതയും ഉണ്ടാകും. എന്നാൽ ചിലരെ സംബന്ധിച്ചു അന്യജനങ്ങളിൽ നിന്നും സഹായം ഉണ്ടാകുകയും പരോപകാര തല്പരത കൂടുകയും ചെയ്യും. വളരെ കാലമായി സന്താനഭാഗ്യം ഇല്ലാത്തവർക്ക് സന്താന ഭാഗ്യം കാണുന്നു.
കാര്യങ്ങൾ മാറി മറിഞ്ഞു വരുന്ന വര്ഷം ആണ്. ശ്വാസകോശ, ഹൃദയരോഗങ്ങൾ ഉള്ളവർ സൂക്ഷിക്കുക. വൃക്ക സംബന്ധമായ രോഗലക്ഷണങ്ങൾ തള്ളിക്കളയരുത്. രാഷ്‌ട്രീയക്കാർക്ക് ഉന്നത സ്ഥാനങ്ങൾ വരും എങ്കിലും അവ ബുദ്ധിപൂർവം അനുകൂലമാകേണ്ടിരിക്കുന്നു. സംഗീത നൃത്ത രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ ഉണ്ടാകും. കായിക മേഖലയിൽ ഉള്ളവർക്ക് വിജയവർഷം ആയിരിക്കും. വിവാഹ തടസം ഒക്കെ ഉണ്ടാകും എങ്കിലും പരിഹാരം ചെയ്താൽ വിവാഹം നടക്കാൻ സാധ്യത ഉള്ള വര്ഷം ആണ്.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August to 2024 August















