ന്യൂയോർക്ക്: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനം ന്യൂയോർക്ക് സിറ്റിയിൽ അതിഗംഭീരമായി ആഘോഷിച്ച് സെലിബ്രിറ്റി ഷെഫ് വികാസ് ഖന്നയും സംഘവും. ത്രിവർണ പതാക ഉയർത്തിയതിന് പിന്നാലെ വിശ്വപ്രസിദ്ധ കൊണാർക് സൂര്യ ക്ഷേത്രത്തിന്‌റെ ചെറുപതിപ്പ് ടൈം സ്‌ക്വയറിൽ അനാച്ഛാദനം ചെയ്തുകൊണ്ടായിരുന്നു വികാസ് ഖന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ഭാഗമായത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രൺധീർ ജയ്‌സ്‌വാളും അദ്ദേഹത്തോടൊപ്പം പങ്കുച്ചേർന്നിരുന്നു. ഇന്തോ-അമേരിക്കൻ ആർട്‌സ് കൗൺസിലും അമേരിക്കയിലെ ഇന്ത്യൻ സമൂഹവും ചടങ്ങിൽ പങ്കെടുത്തു. ടൈം സ്‌ക്വയറിൽ ദേശീയ പതാക ഉയർത്തുന്ന വേളയിൽ ആയിരക്കണക്കിന് പേരായിരുന്നു തടിച്ചുകൂടിയത്.
ഒഡിഷയിൽ സ്ഥിതി ചെയ്യുന്ന കൊണാർക് സൂര്യക്ഷേത്ര ചക്രത്തിന്റെ ചെറുപതിപ്പ് തയ്യാറാക്കിയത് ലളിതാഗിത്രി ഗ്രാമത്തിൽ നിന്നുള്ള കലാകാരൻമാർ ചേർന്നായിരുന്നു. മാസങ്ങളോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് 4000 പൗണ്ട് തൂക്കമുള്ള നിർമ്മിതി തയ്യാറാക്കിയത്. സമർത്ഥരായ കരകൗശല വിദഗ്ധർ രാവും പകലും അധ്വാനിച്ചതിന്‌റെ ഫലമായാണ് ഇതുയാഥാർത്ഥ്യമായതെന്ന് വികാസ് ഖന്ന പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഈ നിമിഷത്തിന് വേണ്ടി താൻ കാത്തിരിക്കുകയായിരുന്നുവെന്നും അത്യധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സമൂഹവും യുഎസും തമ്മിലുള്ള ഐക്യത്തിന്‌റെ പ്രതീകമായി ഈ കലാരൂപം ന്യൂയോർക്ക് സിറ്റിയിൽ നിലകൊള്ളുമെന്നും വികാസ് ഖന്ന പറഞ്ഞു.
ഒഡിഷയിലെ പേരുകേട്ട സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക് നേരത്തെ കൊണാർക് ക്ഷേത്രത്തിന്‌റെ പ്രതീകം മണ്ണിൽ തീർത്തത് കണ്ടാണ് ഇത്തരമൊരു ആശയത്തിലേക്ക് ആകൃഷ്ടനായതെന്നും ഖന്ന വ്യക്തമാക്കി. 12 വർഷവും 12,000 കരകൗശല വിദഗ്ധരും ചേർന്ന് 13-ാം നൂറ്റാണ്ടിലായിരുന്നു കൊണാർക് സൂര്യക്ഷേത്രം നിർമ്മിച്ചത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലിടം പിടിച്ച ക്ഷേത്രമാണിത്. വാസ്തുവിദ്യയുടെ വിസ്മയിപ്പിക്കുന്ന ഉദാഹരമാണ് ഈ ക്ഷേത്രം. ”ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു” എന്നാണ് കൊണാർക് ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചിട്ടുള്ളത്.















