തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിലവിലെ ദർശന ക്രമത്തിൽ ചിങ്ങം ഒന്ന് (നാളെ) മുതൽ മാറ്റം. നിലവിലുള്ള ദർശന ക്രമത്തിലൂടെ ഭക്തർക്ക് പൂർണ പ്രദക്ഷിണം സാധ്യമാക്കാനാകാത്തതിലാണ് നീക്കം. ഭക്തജനങ്ങൾക്ക് കൂടുതൽ സുഗമമായ ദർശനസൗകര്യത്തിന് വേണ്ടിയാണ് പുതിയ രീതി. ഒരേ സമയം രണ്ട് ദിശകളിൽ സഞ്ചരിക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ പ്രതിഷ്ഠാ ദേവതകളെയും തൊഴുത് പൂർത്തിയാക്കുന്നതിനുമാണ് മാറ്റം വരുത്തിയിരിക്കുന്നത്.
തന്ത്രി തരണനല്ലൂർ എൻപി ഗോവിന്ദൻ നമ്പൂതിരിപ്പാട്, തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് എന്നിവരുടെ നിർദ്ദേശാനുസരണമാണ് മാറ്റം.ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾ ആദ്യം ഭഗവാന്റെ പാദം വണങ്ങത്തക്ക രീതിയിലാണ് ദർശനക്രമീകരണം. ഇനി നാല് ദിക്കുകളിലെയും ക്ഷേത്ര കവാടങ്ങളിലൂടെ ഭക്തർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാവുന്നതാണ്.
കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന പൊതുവായ ക്യൂ ആലുവിളക്ക് ചുറ്റി വടക്ക് ഭാഗത്ത് കൂടി പ്രവേശിച്ച് ശ്രീരാമദേവനെ തൊഴുത് വിഷ്വക്‌സേനൻ
മൂർത്തിയുടെ മുന്നിലെത്തും. ഇവിടെ നിന്നും ഭഗവാന്റെ പാദഭാഗത്ത് കൂടി ഒറ്റക്കൽമണ്ഡപത്തിൽ പ്രവേശിക്കുക. പിന്നീട് ശിരസ്സ് ഭാഗം വണങ്ങി പടികെട്ടിറങ്ങി നരസിംഹ മൂർത്തിയെ തൊഴുത ശേഷം ശ്രീകോവിലിന് പിന്നിലൂടെ പ്രദക്ഷിണം വെച്ച് വടക്കേ നടവഴി പുറത്തിറങ്ങുന്നതാവും പുതിയ ദർശനക്രമം.















