രാജ്യത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ബ്രോഡ്ബാൻഡ് വരിക്കാർക്ക് കിടിലൻ ഓഫറുകൾ നൽകി ബിഎസ്എൻഎൽ. ഭാരത് ഫൈബർ അമൃത് ഉത്സവ് എന്ന് പേരിട്ടിരിക്കുന്ന ഓഫറിന്റെ വരിക്കാർക്ക് മികച്ച കണക്ടിവിറ്റി ബിഎസ്എൻഎൽ സൗജന്യമായി നൽകും. ബിഎസ്എൻഎല്ലിന്റെ എഫ്ടിടിഎച്ച് ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കാണ് ഓഫർ ലഭ്യമാകുന്നത്.
നിലവിലുള്ള ബ്രോഡ്ബാൻഡ് കണക്ഷന്റെ വേഗത 100 എംബിപിഎസിൽ താഴെയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാർക്കാകും ആനുകൂല്യം ലഭ്യമാകുക. 100 എംബിപിഎസ് വേഗത സൗജന്യമായി ലഭിക്കുന്നതാണ് ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബർ അമൃത് ഉത്സവ് ഓഫർ. പരിമിത കാലയളവിലേക്കാണ് ഓഫർ ലഭ്യമാകുക.
ഭാരത് ഫൈബർ അമൃത് ഉത്സവ് ഓഫർ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയാകും ലഭ്യമാകുക. ഈ ഓഫറിന്റെ ഭാഗമായി കുറഞ്ഞ വേഗതയുടെ പ്ലാൻ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് അധിക പണം മുടക്കില്ലാതെ പത്ത് ദിവസത്തേക്ക് 100 എംബിപിഎസ് വേഗത്തിൽ ഡാറ്റ ആസ്വദിക്കാനാകും.
എന്നാൽ ഈ ആനുകൂല്യം ലഭിക്കുന്നതിനായി ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. സൗജന്യമായി 100എംബിപിഎസ് വേഗതയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിന് വരിക്കാർ ആദ്യം ആപ്പ് സ്റ്റോറിൽ നിന്ന് ‘My BSNL ആപ്പ്’ ഡൗൺലോഡ് ചെയ്യണം. തുടർന്ന് ആപ്പ് വഴി രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്.
ബിഎസ്എൻഎൽ ആപ്പിൽ കയറി തങ്ങളുടെ അക്കൗണ്ടിലേക്ക് ഫൈബർ-ടു-ദി-ഹോം നമ്പർ ചേർക്കുക. തുടർന്ന് സ്പീഡ് ബൂസ്റ്റർ സ്‌കീമിന് കീഴിൽ ഓഫറിനായി രജിസ്റ്റർ ചെയ്യാൻ ഒരു അറിയിപ്പ് ലഭിക്കുന്നതായിരിക്കും. തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിന്റെ ഐഡന്റിറ്റി പരിശോധിക്കുന്നതിന് ഒടിപി മൂല്യനിർണ്ണയം പൂർത്തിയാക്കണം. സ്പീഡ് ബൂസ്റ്ററിനായുള്ള രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കി കഴിയുന്നതോടെ 48 മണിക്കൂറിനുള്ളിൽ ഉപയോക്താക്കൾക്ക് കണക്ഷനുകളിൽ പ്ലാൻ ലഭ്യമാകും. ഈ വേഗത പിന്നീടുള്ള 10 ദിവസത്തേക്ക് ലഭ്യമാകും.
Comments