വിഘ്നേശ്വരനെ വണങ്ങാതെ ഒരു കാര്യവും ആരംഭിക്കരുതെന്നാണ് ഹൈന്ദവ വിശ്വാസം. മനുഷ്യർ മാത്രമല്ല, ദേവന്മാരും ത്രിമൂർത്തികൾ പോലും ഏതു കാര്യവും ആരംഭിക്കുന്നതിന് മുൻപ് വിഘ്നേശ്വര ഭഗവാനെ വണങ്ങിയില്ലെങ്കിൽ അങ്കലാപ്പ് ഉണ്ടാകും. മഹാഗണപതി അറിവിന്റെ ഇരിപ്പിടമാണ്, പ്രണവസ്വരൂപിയാണ്. പ്രപഞ്ചത്തിന്റെ മൂലധാരമാണ്. ആ ദേഹത്തിൽ മറ്റെല്ലാ ദേവതകളും സ്ഥിതി ചെയ്യുന്നു.കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ ഏറ്റവും വിശിഷ്ടവും പ്രധാനവുമാണ് കൊല്ലം ജില്ലിയിലെ കൊട്ടാരക്കര ഗണപതി ക്ഷേത്രം.
പ്രധാന പ്രതിഷ്ഠ പരമശിവനാണെങ്കിലും പുത്രനായ ഗണേശനാണ് ഇവിടെ പ്രധാനം. പെരുന്തച്ചനാണ് ഈ ക്ഷേത്രത്തിലെ ഗണപതി വിഗ്രഹം നിർമ്മിച്ചതെന്നാണ് വിശ്വാസം. ഉളിയും മുഴക്കോലുമായി ഏതാനും മരയാശാരിമാർ ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പോകുന്നതിനിടയിൽ മുഴക്കോലുമായി പ്രാകൃതവേഷധാരിയായ ഒരു മൂത്താശാരി അപ്പോൾ എവിടെ നിന്നോ അവിടെ ചെന്നുകൂടി. ശിവക്ഷേത്രത്തിന്റെ പണി എല്ലാവരും ചേർന്ന് ആരംഭിച്ചു. മൂത്താശാരിയുടെ കണക്കിലുള്ള സാമർത്ഥ്യവും കരവിരുതും കണ്ടപ്പോൾ വൈകുന്നേരം പണി തീർന്ന് പോകാറായപ്പോൾ മറ്റ് ആശാരിമാർ മൂത്താശാരിയെ കുടിയിലേക്ക് ക്ഷണിച്ചു. താൻ വീടുകളിൽ അന്തിയുറങ്ങാറില്ലെന്നും അമ്പലത്തിണ്ണകളിലോ മറ്റോ കിടന്ന് നേരം വെളുപ്പിക്കാറാണ് പതിവ്, അതുകൊണ്ട് ഇവിടെ എവിടെയെങ്കിലും കിടന്നോളമെന്നായിരുന്നു മൂത്താശാരിയുടെ മറുപടി. എന്നാൽ ഇഷ്ടം പോലെ ആവട്ടെയെന്ന് കൂട്ടാശാരിമാരും മറുപടിയായി പറഞ്ഞു.
രാത്രിയിൽ ചെറുതായി മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. തോർത്ത് വിരിച്ച് അമ്പലത്തറയിൽ കിടന്ന മൂത്താശാരി തീ കായാൻ മാർഗം അന്വേഷിച്ചു. അമ്പലമുറ്റത്ത് ഒരു കോണിൽ ഒരു വലിയ വരിക്ക പ്ലാവിന്റെ വേരു കിടന്നിരുന്നു. അദ്ദേഹം ഉളിയും കൊട്ടുവടിയുമെടുത്ത് ആ വിറകിൻ കഷ്ണങ്ങൾ കത്തിച്ച് തീ കാഞ്ഞു. അനന്തരം സുഖമായി ഉറങ്ങി. പിറ്റേന്ന് രാവിലെ ആശാരിമാർ വന്നപ്പോൾ ആ പ്ലാവിന്റെ വേരിൽ അതിമനോഹരമായ ഒരു ഗണപതി വിഗ്രഹമാണ് കണ്ടത്. അവർ മൂത്താശാരി ആരെന്ന് ഊഹിച്ച് അദ്ദേഹത്തെ നമസ്‌കരിച്ചു. വിശ്വകർമ്മാവിന്റെ അംശാവതാരമായ പറയിപെറ്റ പന്തിരുകുലത്തിൽപ്പെട്ട വിശ്വപ്രസിദ്ധനായ ഉളിയന്നൂർ പൊരുന്തച്ചനായിരുന്നുവത്രേ ആ മൂത്താശാരി.
പെരിയാറിൻ കരയിലുള്ള ഉളിയന്നൂർ ദേശക്കാരനാണ് പെരുന്തച്ചൻ. മനസ്സറിഞ്ഞോ അറിയാതെയോ പെരുന്തച്ചന്റെ കൈയിൽ നിന്നും വീതുളി വീണ് അദ്ദേഹത്തിന്റെ ഏകപുത്രൻ മരിച്ചു. മകന്റെ മരണശേഷം ആ രാജശിൽപി വിരക്തനായി ദേശാടനത്തിനിറങ്ങി. പുണ്യതീർത്ഥങ്ങളിൽ സ്നാനം ചെയ്ത് ക്ഷേത്രദർശനം നടത്തി. ആ കൂട്ടത്തിൽ വന്നതാണ് കൊട്ടാരക്കര മണികണ്ഠശ്വരം ശിക്ഷേത്രത്തിലും. കേതുവിന്റെ കോപത്തിന് അദ്ദേഹം അക്കാലത്ത് ഗണപതിയെ പ്രത്യേകമായി ഉപവസിച്ചിരുന്നു. മറ്റൊരു കേട്ടുകേൾവി അനുസരിച്ച് മൂന്ന് ദിവസം മഹാഗണപതിയെ ഉപവസിച്ചുകൊണ്ടാണ് അദ്ദേഹം പ്ലാവിൻ വേരിൽ വിഗ്രഹം കൊത്തിയെടുത്തത്. ഏതേ ആത്മവിസ്മൃതിയിൽ പൊരുന്തച്ചൻ നിർമ്മിച്ചതാണ് മഹത്തായ ആ ദാരുബിംബം.
എല്ലാ ശിവക്ഷേത്രങ്ങളിലേത് പോലെ മണികണ്ഠശ്വരത്തും തെക്കോട്ട് ദർശനമായി ലോകത്തിന്റെ പരമഗുരുവായ ദക്ഷിണാമൂർത്തിയുടെയും ഗണപതിയുടെയും സാന്നിധ്യമുണ്ടായിരുന്നു. പെരുന്തച്ചൻ നിർമ്മിച്ച ഗണപതി വിഗ്രഹത്തെപ്പറ്റി അറിഞ്ഞപ്പോൾ ക്ഷേത്രയുടമകളും നാട്ടുപ്രമാണിമാരും സ്ഥലത്തെത്തി. തുടർന്ന് ദേവപ്രശ്നം വെച്ചു. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് തെക്കോട്ട് ദർശനമായി ഗണപതി വിഗ്രഹം പ്രതിഷ്ഠിക്കണമെന്നതായിരുന്നു പ്രശ്നവിധി. അതനുസരിച്ച് ബിംബശുദ്ധി വരുത്തി മതാചാരപ്രകാരം ശിവഭഗവാന്റെ ശ്രീകോവിലിനോട് ചേർന്ന് തെക്കോട്ട് ദർശനമായി ഗണപതിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഇതിന് ശേഷമാണ് ശിവക്ഷേത്രത്തിൽ തെക്കോട്ട് ഒരു നട പ്രത്യേകമായി തുറന്നത്. ഇതോടെ ഇവിടുത്തെ ഗണപതി ഭഗവാൻ ഏവരുടെയും ആശ്രിതവത്സനായി.
രണ്ട് കൊമ്പുകളോടുകൂടിയ ബാലഗണപതിയുടെ രൂപത്തിലാണ് പ്രതിഷ്ഠ. നിത്യേന എണ്ണയാടുന്നതിനാൽ അഞ്ജനനിർമ്മിതമായ വിഗ്രഹമെന്ന് ആദ്യം തോന്നിപ്പോകും. വിഗ്രഹത്തിന് പീഠം ഉൾപ്പെടെ മൂന്നടിയോളം പൊക്കമുണ്ട്. തുമ്പിക്കൈയും നാല് തൃക്കണ്ണുമുണ്ട്. അവയിൽ പാശം, അങ്കുശം, മോദകം, കദളിപ്പഴം എന്നിവ വഹിച്ചിരിക്കുന്നു. ഗണപതി ക്ഷേത്രത്തിന് മുഖമണ്ഡപമില്ല. പ്രധാന ശ്രീകോവിലിൽ തന്നെയാണ് ഗണപതിയുടെ പ്രതിഷ്ഠ. മുൻപിലേക്ക് അഴിയിട്ട ഒരു ചാർത്തുമുണ്ട്. ചുറ്റുവിളക്കുകളുമുണ്ട്. ഗണപതി വിഗ്രഹത്തിന്റെ കഴുത്തിൽ രണ്ട് മടക്കിൽ നീളമുള്ള ഒരു സ്വർണ രുദ്രാക്ഷമാലയുണ്ട്. ഓരോ രുദ്രാക്ഷത്തിനും ഓരോ നെല്ലിക്കയുടെ വലുപ്പം വരും. തിരുനെറ്റിയിൽ ഒരു തങ്കപ്പതക്കമുണ്ട്. കണ്ണുകൾ സ്വർണം പൊതിഞ്ഞവയാണ്. പണ്ടുകാലത്ത് ഈ ക്ഷേത്രത്തിന് കിഴക്ക് വശത്തുള്ള ചിറയിൽ ഒരു മാടന്റെ അധിവാസമുണ്ടായിരുന്നു. അയാൾ ക്ഷേത്രകുളത്തിൽ കുളിക്കാൻ ചെല്ലുന്നവരെയും രാത്രികാലങ്ങളിൽ അതുവഴി പോകുന്നവരെയും പലതരത്തിലും പീഡിപ്പിച്ചുവന്നിരുന്നു. ജനങ്ങൾക്ക് പൊറുതി മുട്ടിയതോടെ ഒടുവിൽ ക്ഷേത്ര തന്ത്രി ആ മാടനെ ഒരു ഇരുമ്പുവളയത്തിൽ ആവാഹിച്ച് ഇവിടുത്തെ ഗണപതിയുടെ കാലിൽ തളച്ചിട്ടു. അത് ഇപ്പോഴും കാണാവുന്നതാണ്. നാലമ്പലത്തിന് തെക്ക്പടിഞ്ഞാറെ കോണിൽ ധർമശാസ്താവിന്റെ ഉപദേവതാലയവുമുണ്ട്.
ഇവിടുത്തെ ശിവക്ഷേത്രത്തിൽ മേടമാസത്തിലെ തിരുവാതിര മുതൽ പത്ത് ദിവസത്തെ ഉത്സവമുണ്ട്. ഗണപതിക്ക് വഴിപാടായി ചിറപ്പുകളും ചിലർ നടത്തുന്നു. വെള്ളിയാഴ്ചായണ് ഗണപതിക്ക് വിശേഷപ്പെട്ട ദിവസം. ചിങ്ങമാസത്തിലെ വിനായക ചതുർത്ഥിക്ക് ഗണപതിയമ്പലത്തിൽ പ്രത്യേക പൂജയും മറ്റുമുണ്ട്. കൊട്ടാരക്കര ഗണപതിക്ക് ഏറ്റവും പ്രിയപ്പെട്ട വഴിപാട് ഉണ്ണിയപ്പം തിരുമുൻപിൽ വെച്ച് വാർത്ത് നിവേദിക്കുക എന്നതാണ്. ഇതിന് പ്രത്യേകം തിടപ്പള്ളിയില്ല. നാലമ്പലത്തിൽ, ഗണപതിയുടെ നടയ്‌ക്ക് മുൻപിൽ വെച്ചാണ് അടുപ്പുകൂട്ടി ഉണ്ണിയപ്പം ഉണ്ടാക്കുന്നത്. പല വലിപ്പത്തിലുള്ള അപ്പക്കാരകളും ഇവിടെ ലഭ്യമാണ്. ഭഗവാന് അപ്പം വഴിപാടായി കഴിച്ചാൽ എന്ത് കാര്യവും നടക്കുമെന്ന് ഭക്തലക്ഷങ്ങൾ പറയുന്നു. അപ്പത്തിന് അരിമാവ്, ശർക്കര, നെയ്യ്, കദളിപ്പഴം, പഞ്ചസാര എന്നിവ ആവശ്യമാണ്. ഇവയ്‌ക്കെല്ലാം പ്രത്യേകം കണക്കുകളുമുണ്ട്. വലിയ തോതിലാണ് ഉണ്ണിയപ്പം ഉണ്ടാക്കുന്നതെങ്കിൽ നെയ്യോടൊപ്പം വെളിച്ചെണ്ണയും കദളിപ്പഴത്തിനൊപ്പം പൂവൻ പഴമോ മറ്റോ ചേർക്കുന്നു.
‘അപ്പം മൂടൽ’ മറ്റൊരു വഴിപാടാണ്. എന്നാൽ ഇത് ഇപ്പോൾ നടത്താറില്ല, പകരം ഉദയം മുതൽ അസ്തമയം വരെ ഇടതടവില്ലാതെ ഗണപതിയുടെ മുമ്പിൽ അപ്പം വാർത്തുകൊണ്ടിരിക്കും. അമ്പലനട മുഴുവൻ നെയ്യുടെയും ശർക്കരയുടെയും പഴത്തിന്റെയും വാസനയായിരിക്കും. പുകച്ചുരുളുകൾ ഗണപതിയെ വലംവെച്ചു കൊണ്ടിരിക്കും. ക്ഷേത്രനടയ്‌ക്ക് മുൻപിൽ വാർപ്പിലും ചെമ്പിലുമെല്ലാം അപ്പം കുന്നുപോലെ കൂട്ടിയിടുന്നു. പൂജ സമാപിക്കാൻ നേരത്ത് ഈ അപ്പമെല്ലാം വിഗ്രഹത്തിന് മുന്നിൽ തൂശനിലയിട്ട് അതിൽ വെയ്‌ക്കുന്നു. അപ്പംവാർക്കൽ നടത്തിയാൽ അതിൽ ഭൂരിഭാഗവും അപ്പവും പൂജയ്‌ക്ക് ശേഷം അമ്പലത്തിൽ വരുന്നവർക്കെല്ലാം സൗജന്യമായി കൊടുക്കണമെന്നാണ് വെപ്പ്.
ചിങ്ങമാസത്തിലെ വെളുത്തപക്ഷത്തിലെ ചതുർത്ഥി ദിവസം വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നു. കൊട്ടാരക്കര ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ഗംഭീരമായി വരുന്നു. 1008 നാളികേരം ഉപയോഗിച്ചുള്ള വിശേഷാൽ അഷ്ടദ്രവ്യമഹാഗണപതിഹോമം ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. മിക്ക വർഷങ്ങളിലും ഗജപൂജയും ആനയൂട്ടും പതിവുണ്ട്. ഇതിനായി ക്ഷേത്രം വക ആനകളെക്കൂടാതെ കേരളത്തിന്റെ വിവിധകോണുകളിൽ നിന്നുള്ള ആനകളെയും എത്തിക്കാറുണ്ട്. മോദകമാണ് വിനായക ചതുർഥി ദിവസത്തെ പ്രധാന നിവേദ്യം.വിനായക ചതുർത്ഥിദിവസം മാത്രമാണ് കൊട്ടാരക്കര ഗണപതിക്ക് മോദകം നിവേദിയ്‌ക്കുന്നത് .ഉദയാസ്തമനക്രമത്തിൽ അപ്പം മൂടലും പതിവുണ്ട്. അന്നുമാത്രമാണ് ഗണപതി പുറത്തേയ്‌ക്കെഴുന്നള്ളുന്നത്. മൂന്ന് ആനകളോടുകൂടിയ വിശേഷാൽ എഴുന്നള്ളത്ത് ഗംഭീര കാഴ്ചയാണ്.
കൊട്ടാരക്കര കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.ഗണപതി പ്രതിഷ്ഠയ്‌ക്ക് എതിർ ഭാഗത്താണ് ഉണ്ണിയപ്പം തയ്യാറാക്കുന്നത്. ഈ ക്ഷേത്രം കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ്.30 രൂപയാണ് ഒരു കവർ ഉണ്ണിയപ്പത്തിന്റെ വില.രാവിലെ 6.30 മുതൽ 11.15 വരെയും വൈകീട്ട് 5.05 മുതൽ 7.45 വരെയും ഉണ്ണിയപ്പം ലഭിക്കും.
Comments