ചെന്നൈ: ഇന്ത്യയിൽ ആപ്പിൾ ഐഫോൺ 15-ന്റെ നിർമ്മാണം ആരംഭിച്ചതായി റിപ്പോർട്ട്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് ഐഫോൺ നിർമാണം തുടങ്ങിയത്. ആപ്പിൾ ഐഫോൺ 15 സീരിസിലെ വാനില മോഡലാണ് തമിഴ്‌നാട്ടിലെ പ്ലാന്റിൽ നിർമ്മിക്കുന്നതെന്നാണ് വിവരം.
സെപ്റ്റംബർ 12-നാകും ഐഫോൺ 15 വിപണി കീഴടക്കാനെത്തുകയെന്നാണ് അഭ്യൂഹം. ആപ്പിളിന്റെ എല്ലാ സീരിലുമുള്ള നാല് മോഡലുകൾ ഐഫോൺ 15 സീരിസിലുമുണ്ടാകും. ആപ്പിൾ ഐഫോൺ 15, ആപ്പിൾ ഐഫോൺ 15 പ്ലസ്, ആപ്പിൾ ഐഫോൺ 15 പ്രോ എന്നിങ്ങനെ നാല് മോഡലുകളാണ് തമിഴ്‌നാട്ടിൽ നിർമ്മിക്കുക. വൻ മാറ്റങ്ങളാണ് ഐഫോൺ 15-ൽ പ്രതീക്ഷിക്കുന്നത്. ആപ്പിൾ വാച്ച് അൾട്ര ആക്ഷൻ ബട്ടണും, യുഎസ്ബി സി-പോർട്ടുമാണ് പുത്തൻ ഐഫോണിലെ വലിയ പ്രതീക്ഷ. പ്രോ മോഡലുകളിൽ പരിഷ്‌കരിച്ച 3-നാനോമീറ്റർ എ16 പ്രോസസറുകളായിരിക്കും ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ ഐഫോണുകളുടെ ഇന്ത്യയിൽ നിന്നുള്ള ഉത്പാദനം വർദ്ധിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള ഐഫോൺ നിർമ്മാണം കുറയ്‌ക്കുന്നതിനായി ഇന്ത്യയിൽ ഉത്പാദനം വർദ്ധിപ്പിക്കാനും തീരുമാനമുണ്ട്. ഐഫോൺ നിർമ്മാണം ചൈനയിൽ നടന്നിരുന്ന സമയത്ത് ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലെത്താൻ ആറ് മുതൽ ഒൻപത് മാസം വരെ സമയം എടുത്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമ്മാണം തുടങ്ങിയതിന്റെ ശുഭസൂചനയായിരുന്നു അത്. മാർച്ചിലെ കണക്കുകൾ പ്രകാരം മൊത്ത ഉത്പാദനത്തിന്റെ ഏഴ് ശതമാനം ഇന്ത്യയിലാണ്.
Comments