പത്തനംതിട്ട: ചിങ്ങപ്പുലരിയിൽ സന്നിധാനത്ത് ലക്ഷാർച്ചന നടന്നു.ദേവചൈതന്യം വർദ്ധിപ്പിക്കുന്നതിനായിട്ടുള്ള വിശേഷാൽ ലക്ഷാർച്ചനയാണ് നടന്നത്. ഉഷപൂജയ്‌ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ബ്രഹ്‌മകലശം പൂജിച്ചു. ശേഷം 25 ശാന്തിക്കാർ കലശത്തിന് സമീപം ഇരുന്ന് അയ്യപ്പ സഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി. ഇതിന് ശേഷം ചൈതന്യം നിറഞ്ഞ ബ്രഹ്‌മകലശം വാദ്യമേളങ്ങളോടെ ശ്രീകോവിൽ എത്തിക്കുകയായിരുന്നു. ബ്രഹ്‌മകലശത്തിലെ ഭസ്മം തന്ത്രി ഭഗവാന്റെ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു.
കൊല്ലവർഷപ്പിറവിയിൽ സന്നിധാനത്തെത്തിയ ഭക്തജനങ്ങൾ ദർശനം നടത്തിയാണ് മടങ്ങിയത്. രാവിലെ നട തുറന്നപ്പോൾ തന്ത്രിയുടെ കാർമികത്വത്തിൽ സ്വർണക്കുടത്തിൽ ആദ്യ നെയ്യഭിഷേകം നടത്തി. പിന്നീട് മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ അഭിഷേകം നടന്നു. പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 10 മണിയ്‌ക്ക് നട അടയ്ക്കും.















