ന്യൂഡല്‍ഹി: ഇന്ത്യൻ വനിതാ സ്പ്രിന്റർ ദ്യുതി ചന്ദിന് നാലു വര്‍ഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ദ്യുതി ചന്ദിന് വിലക്ക് ലഭിച്ചത്. കഴിഞ്ഞ ഡിസംബറില്‍ നാഡ നടത്തിയ രണ്ട് ഉത്തേജക മരുന്ന് പരിശോധനകളിലും പരാജയപ്പെട്ടതോടെയാണ് നടപടി.
ഡിസംബര്‍ അഞ്ചിനും 26നും ആണ് നാഡ ദ്യുതിയുടെ സാംപിളുകള്‍ പരിശോധനക്കായി എടുത്തത്. ഈ രണ്ട് സാമ്പിളുകളിലും സെലക്ടീവ് ആന്‍ഡ്രോജന്‍ റിസെപ്റ്റര്‍ മോഡുലേറ്റേഴ്‌സ് (നിരോധിത വസ്തു) എന്ന ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നിലവിൽ വിലക്കേർപ്പെടുത്തിയുള്ള നടപടി സ്വീകരിച്ചത്.
2023 ജനുവരി മൂന്ന് മുതൽ ആരംഭിച്ച് 2027 വരെയാണ് വിലക്കിന്റെ കാലാവധി. ഈ കാലയളവിൽ താരത്തിന് ദേശീയ-അന്തര്‍ ദേശീയ മത്സരങ്ങളിലൊന്നും പങ്കെടുക്കാനാകില്ല. വിലക്കിനെതിരെ അപ്പീല്‍ നല്‍കാന്‍ ദ്യുതിയ്‌ക്ക് 21 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
2018-ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്ററുകളില്‍ ദ്യുതി വെള്ളി മെഡല്‍ നേടിയിട്ടുണ്ട്. 100 മീറ്ററില്‍ ദേശീയ റെക്കോഡിന് ഉടമയുമാണ് ദ്യുതി ചന്ദ്. എന്നാൽ വിലക്ക് നിലവില്‍ വന്ന കാലയളവുമുതല്‍ ദ്യുതി പങ്കെടുത്ത മത്സരങ്ങളിലെ ഫലങ്ങളും മെഡലുകളും അസാധുവായി പ്രഖ്യാപിക്കുമെന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി അദ്ധ്യക്ഷ ചൈതന്യ മഹാജന്‍ വ്യക്തമാക്കുന്നത്.















