പത്തനംതിട്ട: ബാങ്ക് ജപ്തികൾ നേരിട്ടിരുന്ന കിടപ്പാടം വീണ്ടെടുത്ത് നൽകി വിശ്വസേവാഭാരതി. പാലിയേക്കര മുളവന വീട്ടിൽ ലേഖ വി നായർക്കാണ് വിശ്വസേവാഭാരതിയുടെ കാരുണ്യം തുണയായത്. തിരുവല്ല കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് വസ്തു പണയം വെച്ച് ലേഖയും കുടുംബവും 6,50,000 രൂപ വായ്പയെടുത്തിരുന്നു. വായ്പയും ജീവിതവും കൃത്യമായി മുന്നോട്ട് പോകുന്നതിനിടയിലാണ് വാഹനാപകടത്തിന്റെ രൂപത്തിൽ ദുരന്തം ലേഖയെ തേടിയെത്തിയത്.
വാളകത്ത് നടന്ന അപകടത്തിൽ ലേഖയുടെ ഭർത്താവ് എം എസ് പ്രദീപ് കൂമാറിന് ജീവൻ നഷ്ടമായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലേഖയ്‌ക്ക് പിന്നീട് ജോലിക്ക് പോകാനും സാധിച്ചില്ല. ജീവിതം വഴി മുട്ടിയപ്പോൾ ഒപ്പം വായ്പ തിരിച്ചടവും മുടങ്ങി. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി നടപടികൾ ആരംഭിച്ചു. ലേഖയുടെ ദയനീയാവസ്ഥ അറിഞ്ഞ വിശ്വഭാരതി പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു.
ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം 4,46,807 രൂപ അടച്ച് വിശ്വഭാരതി ആധാരം ബാങ്കിൽ നിന്ന് വീണ്ടെടുത്ത് വിട്ടമ്മയ്‌ക്ക് കൈമാറുകയായിരുന്നു. ആർഎസ്എസ് ശബരിഗിരി വിഭാഗ് സർസംഘചാലക് സി പി മോഹന ചന്ദ്രൻ, ശബരിഗിരി വിഭാഗ് കാര്യവാഹക് ജി വിനു, വിശ്വസേവാഭാരതി ജോയിന്റ് സെക്രട്ടറി ടി ആർ രാജൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Comments