ജീവിത സന്ധികളിൽ നിന്നും മോക്ഷം സിദ്ധിക്കാൻ ആദ്യം വിളിക്കുന്ന ഭഗവാൻ ഗണപതിയാണ്. ധർമ്മ സങ്കടങ്ങൾ അടക്കമുള്ള പ്രപയാസങ്ങളിൽ നിന്ന് മുക്തി നേടാനായി ആദ്യം വിളിക്കേണ്ടതും ക്ഷിപ്രപ്രസാദിയായ ഗണനായകനെ തന്നെയാണ്. ബുദ്ധി സിദ്ധി പ്രദായകനായ ദേവനാണ് ഗണപതി. പ്രണവാകാരനായ മൂർത്തിയും വിനായകൻ തന്നെ. ഗണപതിയെ ധ്യാനിച്ചുകൊണ്ട് തുടങ്ങാത്ത ചടങ്ങളുകളും പൂജകളും ഇല്ലെന്ന് തന്നെ പറയാം. അത്തരത്തിൽ ഗണപതി ഇല്ലാത്ത ജീവിതം അചീന്തനീയം തന്നെയാണ്.
ഗണപതി പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രങ്ങൾ തന്നെ അപൂർവ്വമാണ്. മലയാളത്തിന്റെ മണ്ണിൽ ഗണപതി ക്ഷേത്രങ്ങൾ ഇല്ലാത്ത സ്ഥലങ്ങളോ പ്രദേശങ്ങളോ ഇല്ല തന്നെ. എന്നാൽ ചില പ്രദേശങ്ങളിലെ ക്ഷേത്രങ്ങളും പ്രതിഷ്ഠകളും പ്രസിദ്ധവും വരാദാഭയപ്രഭാപൂർണ്ണവുമാണ്. അത്തരത്തിൽ ഒന്നാണ് ഇളങ്ങള്ളൂർ സ്വരൂപത്തിന്റെ പൊന്നുതമ്പുരാനായ ഇടപ്പള്ളി മഹാഗണപതി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങളിൽ ഒഴിച്ചു നിർത്താൻ സാധിക്കാത്ത ഒന്നാണ് ഇടപ്പള്ളിയിലെ ക്ഷേത്രം. കാലാതിവർത്തിയായി തുടരുന്ന ക്ഷേത്രമാണ് ഇത്. ഐതീഹ്യങ്ങളിലൂടെ നാം വായിച്ചും കേട്ടുമറിഞ്ഞ ക്ഷേത്രം കൂടിയാണ് ഇടപ്പള്ളി മഹാഗണപതി ക്ഷേത്രത്തിന്റെ കഥ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ വിവരിക്കുന്ന ഈ ക്ഷേത്രസങ്കേതം ഇന്ന് കേരളത്തിന്റെ സർവ്വൈശ്വര്യങ്ങൾക്കും നിദാനമായി കുടികൊള്ളുകയാണ്.
ആദ്യം ഇടപ്പള്ളി കൊട്ടാരം പന്ത്രണ്ട് കെട്ടായിരുന്നു, പിന്നീട് ഇത് എട്ടു കെട്ടായി മാറി. ഈ കൊട്ടാരത്തിന്റെ തെക്കിനിയിലെ തേവാരപുരയിലാണ് ഭഗവാൻ വാഴുന്നത്. ഒരിക്കൽ ഗണപതി ഹോമം നടക്കുമ്പോൾ ഇടപ്പള്ളി സ്വരൂപത്തിലെ അന്നത്തെ പ്രഭുവിന് മുന്നിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ടു എന്നും വഴിപാടുകൾ സ്വീകരിക്കുകയും ചെയ്തു എന്നുമാണ് വിശ്വാസം. ഇതോടെ ഇടപ്പള്ളി കൊട്ടാരത്തിൽ ദേവൻ അധിവസിക്കുന്നതായി ഭക്തർ വിശ്വസിക്കുന്നു. കുലശേഖര രാജവിന്റെ വിശ്വസ്തനും തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന പൂജാരിയുമായ ബ്രഹ്‌മണനാണ് ഇളങ്ങള്ളൂർ സ്വരൂപത്തിന്റെ സ്ഥാപകൻ. അദ്ദേഹം തന്നെയാണ് ക്ഷേത്രം സ്ഥാപിച്ചതും. ഉഗ്ര പ്രതാപശാലിയായ അദ്ദേഹത്തിന് മുന്നിലാണ് ദേവൻ പ്രത്യക്ഷപ്പെട്ടത്.
ഇടപ്പള്ളി രാജകുടുംബത്തിന്റെ ഉപകാരിയും രക്ഷാധികാരിയുമാണ് ദേവനെ കണക്കാക്കുന്നത്. പതിനാറ് കൈകളോട് കൂടിയ പത്നിസേമതനായ മഹാഗണപതി ഭാവമാണ് ഇവിടെയുള്ള ഭഗവാന്റെ പ്രതിഷ്ഠ. വിഗ്രഹ പ്രതിഷ്ഠയ്‌ക്ക് പകരം പഞ്ചലോഹ വിഗ്രഹത്തിലാണ് പൂജകൾ നടക്കുന്നത്. പത്നി സമേതനായ ഭഗവാൻ ആയതിനാൽ ഇവിടെ എല്ലാ വഴിപാടുകളും ഇരട്ടിക്കണം എന്നാണ് വിശ്വാസം.
രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട് നിൽക്കുന്ന ഉദയാസ്തമന പൂജ ഇവിടുത്തെ പ്രധാന വഴിപാടിലൊന്നാണ്. നാളികേരം, നിറമാല, പുഷ്പാഞ്ജലി, ചുറ്റുവിളക്ക്, ഉദയാസ്തമന പൂജ, കൂട്ടപ്പം എന്നിവ മുൻകൂട്ടി അറിയിക്കണം. നാരങ്ങ മാലകൾ ദേവന് വളരെ വിശേഷമാണ്. പ്രതിഷ്ഠാ വിധി അനുസരിച്ച് തേവാര മൂർത്തിയായതിനാൽ ഇവിടെ ഉത്സവമോ ആഘോഷങ്ങളോ ഇല്ല. തടസ്സങ്ങളും ദുരിതങ്ങളും മാറാൻ ദേവൻ സദാ അനുഗ്രഹം ചോരിയുന്നു. വിനായക ചതുർത്ഥി ഇവിടെ വിശേഷമാണ്. ഇടപ്പള്ളി ഹൈസ്‌കൂൾ ബസ് സ്റ്റോപ്പിന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അശ്വിൻ ഇലന്തൂർ
Comments