കോട്ടയം: കേരളത്തിൽ വികസനം കൊണ്ടുവരണമെങ്കിൽ കടം എടുക്കണമെന്ന് മുൻ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. കേരളത്തിന്റെ വികസന പദ്ധതികൾക്ക് തുരങ്കം വെയ്‌ക്കുകയാണ് കോൺഗ്രസും കേന്ദ്രസർക്കാരും. കടമെടുത്ത് പണിയുക എന്നതാണ് എൽഡിഎഫിന്റെ നയം. അത്തരത്തിലുള്ള വികസനം പുതുപ്പള്ളിയിൽ ഉണ്ടാവണമെങ്കിൽ ജെയ്ക് സി തോമസ് ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്റെ പ്രചരണ ഭാഗമായി സംഘടിപ്പിച്ച വികസന സന്ദേശ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തോമസ് ഐസക്.
‘കിഫ്ബി എന്നു പറഞ്ഞാൽ വേറെയൊന്നുമല്ല. വികസനം ഒന്നും നാളത്തേയ്‌ക്ക് മാറ്റി വെയ്‌ക്കേണ്ടതല്ല. നമ്മൾ ചിന്തിച്ചത് എന്താണെന്ന് അറിയാമോ. ഇതൊക്കെ ബഡ്ജറ്റിൽ നിന്ന് കുറേശ്ശേ എടുത്ത് പണിയാൻ പോയാൽ 25 വർഷം കഴിഞ്ഞാലും തീരില്ല. അപ്പോൾ നിങ്ങളും ഞാനും ഉണ്ടാവില്ല. ഇന്ന് കടം മേടിച്ച് പണിയും. എന്നിട്ട് 25 വർഷം കൊണ്ട് തിരിച്ചടയ്‌ക്കാം. ഇതാണ് നമ്മൾ ചെയ്യുന്നത്. വളരെ ലളിതം. കൈനീട്ടി കഴിഞ്ഞാൽ ആരെങ്കിലും കാശ് തരാതെ ഇരിക്കുമോ. കാശ് തന്നു. എൺപതിനായിരം കോടി രൂപയുടെ പാലം, റോഡ്, കെട്ടിടങ്ങൾ എല്ലാം കേരളത്തിൽ പണിയുകയാണ്’.
‘കൊറോണ വന്നില്ലായിരുന്നെങ്കിൽ കേരളം വേറെ ഒന്നായി മാറിയേനെ. ഈ പരിപാടി തുരങ്കം വെയ്‌ക്കുന്ന രാഷ്‌ട്രീയമാണ് യുഡിഎഫിന്റേത്. പുതുപ്പള്ളിയിൽ കിഫ്ബിയുടെ റോഡ് ഒന്നുമില്ല. ഉമ്മൻചാണ്ടി സർ ചോദിച്ചാൽ എന്താണ് കൊടുക്കാതിരിക്കുന്നത്. വിശ്വാസ കുറവ് കൊണ്ടാകും ചോദിക്കാതിരുന്നത്. നാൽപ്പതിനായിരം കോടി രൂപയുടെ റോഡാണ് കിഫ്ബി വഴി കേരളത്തിൽ പണിയുന്നത്. ദേശീയപാത പണിയാൻ പറ്റുന്നത് എന്തുകൊണ്ടാണ്. 6000 കോടി എടുത്ത് വെച്ചുകൊടുത്തു നിതിൻ ഗഡ്കരിക്ക്’.
‘6000 കോടി വേണമെന്ന് പറഞ്ഞു, ദാ പിടിച്ചോ എന്ന് പറഞ്ഞു കൊടുത്തു. ഇത് കിഫ്ബി ഉണ്ടായതു കൊണ്ടാണ്. ഇങ്ങനെ മുന്നോട്ട് പോകണം കേരളം. ഇങ്ങനെയൊക്കെ കേരളത്തിന് ചെയ്യാൻ പറ്റും എന്ന് കണ്ടതോടെ കേന്ദ്രം നിയമം അങ്ങ് മാറ്റി. ഇത് മുഴുവൻ സ്തംഭിപ്പിക്കുക എന്നതാണ് കേന്ദ്ര നയം. എന്തിനാണ് കടം എടുക്കുന്നത് എന്നാണ് അവർ ചോദിക്കുന്നത്. പുതുപ്പള്ളിയിലെ വോട്ടർമാരോട് എൽഡിഎഫ് പറയുന്നത് വികസന രാഷ്‌ട്രീയമാണ്. പുതുപ്പള്ളിയിലും മാറ്റം വരണം. വികസം മുന്നോട്ട് കൊണ്ടുപോകണം. അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ ബിജെപിക്കും കോൺഗ്രസിനും ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കണം. അതിന് ജെയ്കിനൊരു വോട്ട് കൊടുക്കണം’- തോമസ് ഐസക് പറഞ്ഞു.
Comments