ശ്രീനഗർ: വേൾഡ് ബുക്ക് ഓഫ് റെക്കോൾഡിൽ ഇടം പിടിച്ച് കശ്മീരിലെ റ്റുലിപ് ഗാർഡൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് പേരെത്തുന്ന ഏഷ്യയിലെ ഏറ്റവും വലിയ റ്റുലിപ് ഗാർഡനാണ് കശ്മീരിലേത്. ജമ്മുകശ്മീരിലെ സർബാൻ പർവ്വതനിരകളുടെ മനോഹരമായ അടിവാരങ്ങൾക്കിടയിലാണ് റ്റുലിപ്സ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. 68 വ്യത്യസ്ത ഇനങ്ങളിലായി 1.5 ദശലക്ഷം പൂക്കളാണ് കശ്മീരിന്റെ ഇളം കാറ്റേറ്റ് പൂന്തോട്ടത്തിൽ വളരുന്നത്.
വേൾഡ് ബുക്ക് ഓഫ് റെക്കോർഡിന്റെ പ്രസിഡന്റും സിഇഒയുമായ സന്തോഷ് ശുക്ല നേരിട്ടെത്തിയാണ് പുരസ്‌കാരം സമർപ്പിച്ചത്. ഫ്ളോറികൾച്ചർ, ഗാർഡൻസ് ആൻഡ് പാർക്കസ് കമ്മീഷണർ സെക്രട്ടറി ഷെയ്ഖ് ഫയാസ് അഹമ്മദാണ് പുരസ്‌കാരം ഏറ്റു വാങ്ങിയത്. റ്റുലിപ് പൂന്തോട്ടത്തിന് വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നൽകിയതിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഈ അംഗീകാരം ഒരു സുപ്രധാന നാഴികക്കല്ലായി നിലകൊള്ളുമെന്നും കശ്മീരിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിന് സഹായകരമായിരിക്കുമെന്നും ഷെയ്ഖ് ഫയാസ് അഹമ്മദ് പറഞ്ഞു. കശ്മീരിലെ ടൂറിസം മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ റ്റുലിപ് പൂന്തോട്ടം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
കൊറോണ മഹാമാരിക്ക് ശേഷം 2022 മാർച്ചിൽ പൂന്തോട്ടം സന്ദർശകർക്കായി തുറന്ന് നൽകിയിരുന്നു. അന്ന് റെക്കോർഡ് സന്ദർശകരാണ് പൂന്തോട്ടത്തിലെത്തിയത്. 3.60 ലക്ഷം പേരായിരുന്നു അന്ന് പൂന്തോട്ടം കാണാനെത്തിയത്. ഈ വർഷം ഏപ്രിൽ മാസത്തിൽ പത്ത് ദിവസം കൊണ്ട് ശ്രീനഗറിലെത്തിയത് ഒരു ലക്ഷത്തിലധികം പേരായിരുന്നു. ദാൽ തടാകത്തിന്റെയും സബർവാൻ പർവ്വനിരകളുടെ ദൃശ്യ ഭംഗിയും ഏതൊരാളെയും പൂന്തോട്ടത്തിലേക്ക് ആകർഷിക്കുന്നു.
Comments