കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി കൊന്ന കേസിൽ കുറ്റപത്രത്തിന്റെ കരട് തയ്യാറാകുന്നു.
റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കരട് കുറ്റപത്രം പരിശോധിക്കുകയാണ്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കൂടി പരിശോധിച്ച ശേഷം പഴുതടച്ച കുറ്റപത്രം സെപ്റ്റംബർ ആദ്യം കോടതിയിൽ സമർപ്പിക്കും.
അസ്ഫാക് ആലം സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും, ആസൂത്രിതമായാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന് 15 ദിവസത്തിനുള്ളിൽ പ്രധാന തെളിവുകളും, മൊഴികളും ശേഖരിച്ചുള്ള അന്വേഷണവും പൂർത്തിയായി. സാക്ഷികൾ തിരിച്ചറിയൽ പരേഡിൽ പ്രതി അസ്ഫാക് ആലത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും, ഫോറൻസിക് വിദഗ്ദരുടെ കണ്ടെത്തലുകളും കേസിൽ നിർണായകമാകും.
കുട്ടിയുടെ ടീ ഷർട്ട് ഉപയോഗിച്ച് കഴുത്തിൽ കെട്ടിവരിഞ്ഞ് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകമെന്നും, സാധാരണ പീഡന കൊലപാതകങ്ങളിൽ കാണാത്ത ക്രൂരമായ മുറിവുകൾ മൃതദേഹത്തിലുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. കൊലപാതക സമയം കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ മാതാപിതാക്കളും തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് കണ്ടെത്തൽ. പ്രതിയുടെ കുറ്റസമ്മത മൊഴിയും പ്രധാനമാണ്. അന്വേഷണത്തിലും, അന്തിമ കുറ്റപത്രത്തിലും പാളിച്ചകളുണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തന്നെ കേസിന്റെ എല്ലാ ഘട്ടത്തിലും മേൽനോട്ടം വഹിച്ചിരുന്നു.
ജൂലൈ 28ന് വൈകീട്ടാണ് ആലുവ മാർക്കറ്റിന് പിൻഭാഗത്തുവച്ച് കൊലപാതകം നടന്നത്. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകാൻ ലക്ഷ്യമിട്ട് അതിവേഗത്തിലായിരുന്നു അന്വേഷണ നടപടികൾ. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിന് ശേഷം പ്രോസിക്യൂട്ടറുമായി കൂടി ചർച്ച നടത്തി വേണം കുറ്റപത്രം നൽകാൻ. എന്നാൽ പോലീസ് സർക്കാരിന് സമർപ്പിച്ചിരിക്കുന്ന പേരുകളിൽ നിന്ന് ആരെയും ഇതുവരെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടില്ല. നിയമനം വൈകുന്നത് കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുന്നതിന് തടസമാകുമോയെന്ന ആശങ്കയും നിലനിൽക്കുകയാണ്.
Comments