തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്തെ ജനങ്ങളോട് അപേക്ഷയുമായി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നാണ് മന്ത്രിയുടെ അഭ്യർത്ഥന. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യർത്ഥന നടത്തിയത്. ഈ വർഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തിൽ കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാൽ ജല വൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം പരിമിതമാണ്. അതുകൊണ്ടുതന്നെ വൈദ്യുതി കരുതലോടെ വേണം ഉപയോഗിക്കാനെന്നും മന്ത്രി വ്യക്തമാക്കി. ഉർജക്ഷമത കൂടിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുകയും ആവശ്യമില്ലാത്തതും ഉപയോഗം കഴിഞ്ഞതുമായ വൈദ്യുത ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനാൽ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്നും ചാർജ് വർദ്ധനവുണ്ടായേക്കാമെന്നുമാണ് മന്ത്രി നേരത്തെ അറിയിച്ചത്. എത്ര രൂപയ്‌ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ചാർജ് വർദ്ധന. നിലവിലെ സാഹചര്യത്തിൽ ഹ്രസ്വകാല കരാർ വൈദ്യുതി കിട്ടിത്തുടങ്ങുകയോ മഴ പെയ്യുകയോ ചെയ്യുന്നതുവരെ പവർ കട്ട് തുടരേണ്ടിവരും. ലോഡ് ഷെഡിംഗ് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമെങ്കിലും ഓണക്കാലവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും പരിഗണിച്ച് തത്കാലം കടുത്ത തീരുമാനം വരില്ലെന്നാണ് വ്യക്തമാകുന്നത്.
ഈ മാസം കാര്യമായ തോതിൽ മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രിയുടെ പക്ഷം. നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി കൂടിയ വിലയ്‌ക്ക് വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയാണ് ഒരു പരിഹാര മാർഗം. അല്ലെങ്കിൽ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുന്നതാണ് ബോർഡിന് മുൻപിലുള്ള മറ്റൊരു മാർഗം. പുറത്ത് നിന്ന് കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ട് പോകുന്നതെന്നടക്കം മന്ത്രി വിവരിച്ചിരുന്നു. പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം കെഎസ്ഇബിക്ക് ഉണ്ടെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്.
നിലവിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കും.
Comments