ഐഎസ്ആർഒയുടെ നേട്ടത്തിൽ അഭിനന്ദനം അറിയിച്ച് നമ്പി നാരായണൻ. ചന്ദ്രയാൻ-3ന്റെ വിജയം ഭാരതീയരുടെ അഭിമാനം ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ‘ചന്ദ്രയാൻ-3 ചന്ദ്രനിൽ വിജയകരമായി ഇറങ്ങി. അവിടെ നിന്നുള്ള ചിത്രങ്ങൾ ലഭിക്കാൻ കുറച്ചു സമയം കാത്തിരിക്കേണ്ടി വരും. ചന്ദ്രനിൽ വായു ഇല്ലാത്തതിനാൽ ലാൻഡറിൽ നിന്നുള്ള പൊടി അടങ്ങാൻ രണ്ട് മണിക്കൂർ വരെ എടുത്തേക്കാം’-നമ്പി നാരായണൻ പറഞ്ഞു.
ഇതുവരെ ആരും കണ്ടിട്ടില്ലാത്ത പ്രദേശങ്ങൾ ഇനി കാണും. നാരായണന്റെ കഥ ‘റോക്കട്രി’ എന്ന ചിത്രത്തിൽ പറയുന്നു. ഭാവനയിൽ കണ്ടത് ഇനി യാഥാർത്ഥ്യമാകാൻ പോകുന്നു. അതിന് താനും ഒരു കാരണമായി എന്നോർക്കുന്നതിൽ അതിയായ സന്തോഷം. ഈ വിജയം ഐഎസ്ആർഒയുടെ യശസ്സ് മാത്രമല്ല, ഇന്ത്യക്കാരുടെയും അഭിമാനം ഉയർത്തി. ചന്ദ്രയാൻ-3 വിജയകരമായി ഇറങ്ങിയതോടെ ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ദക്ഷിണധ്രുവ മേഖലയിൽ ആദ്യമായി ഇറങ്ങുന്ന രാജ്യമായും ഇന്ത്യ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കാരെ നിസ്സാരമായി കാണാനാകില്ലെന്നതിന്റെ തെളിവാണിത്. യുവതലമുറയ്‌ക്ക് പ്രചോദനമാകും ഈ വിജയം. ചെറുപ്പക്കാർക്ക് അതേക്കുറിച്ച് പഠിക്കാൻ താൽപ്പര്യമുണ്ടാകും. അതിനാൽ നാമെല്ലാവരും ഇത് ആഘോഷിക്കണമെന്നും നമ്പി പറഞ്ഞു. ജൂലൈ 14-നാണ് ചന്ദ്രയാൻ-3 വിക്ഷേപിച്ചത്. 40 ദിവസത്തെ ബഹിരാകാശ യാത്രയ്‌ക്ക് ശേഷം പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ന് വിജയകരമായി ഇറങ്ങി. നാളെ രാവിലെയോടെ റോവറിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായി തുടങ്ങുമെന്നാണ് വിലയിരുത്തൽ.















