69-മത് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് നേടിയ ചിത്രമായിരുന്നു റോക്കട്രി: ദ നമ്പി എഫക്ട്. നടൻ ആർ മാധവൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്തതും. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു റോക്കട്രി. മാധവൻ തന്നെയായിരുന്നു ചിത്രത്തിൽ നമ്പി നാരായണന്റെ വേഷം കൈകാര്യം ചെയ്തതും.
ഇപ്പോഴിതാ റോക്കട്രി ദ നമ്പി എഫക്ടിന്റെ നേട്ടത്തിൽ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ മാധവൻ. പുരസ്‌കാര നേട്ടത്തെ അവിസ്മരണീയ നിമിഷമെന്നാണ് മാധവൻ വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം റോക്കട്രിക്ക് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
ഇത് തനിക്ക് അവിസ്മരണീയമായ നിമിഷമാണ്. ചന്ദ്രയാൻ 3 വിജയകരമായി ലാൻഡ് ചെയ്ത അതേ സമയത്താണ് നമ്പി ഇഫക്ടിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. രാജ്യം മുഴുവൻ അഭിമാനിക്കുന്ന സമയമാണിതെന്നും മാധവൻ പറഞ്ഞു. തന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് റോക്കട്രി എന്ന ചിത്രം. ഈ പുരസ്‌കാരം ജീവിതത്തിലെ യഥാർഥ ഹീറോ നമ്പി നാരായണന് സമർപ്പിക്കുന്നു. ഒപ്പം ഈ വിജയത്തിൽ തനിക്കൊപ്പം ഉണ്ടായിരുന്നവർക്കും നന്ദി അറിയിക്കുന്നു എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
Comments