തിരുവനന്തപുരം: തലസ്ഥാനവാസികൾക്ക് ഓണം ആവേശോത്സവമാക്കാൻ ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും. ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷത്തിനാണ് ഇന്ന് തുടക്കം കുറിക്കുക. ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നിലും പരിസരത്തും എല്ലാ വിധ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. കേരളീയരുടെ മതസാഹോദര്യവും സമത്വവും ലോകത്തിന് പരിചയപ്പെടുത്തുന്ന ‘ഓണം ഒരുമയുടെ ഈണം’ എന്നതാണ് ഇത്തവണത്തെ വാരാഘോഷത്തിന്റെ പ്രമേയം.
നിശാഗന്ധിയിൽ ഇന്ന് വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരി തെളിയിക്കുന്നതോടെ ഓണം വാരാഘോഷത്തിന് തുടക്കമാകും. യുവ നടൻ ഫഹദ് ഫാസിൽ മുഖ്യാതിഥിയാകും. പ്രശസ്ത നർത്തകിയായ മല്ലിക സാരാഭായിയും ചടങ്ങിൽ പങ്കെടുക്കും. കൂടാതെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട്ട് സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന പഞ്ചവാദ്യവും കലാമണ്ഡലത്തിലെ നർത്തകരുടെ നൃത്ത ശിൽപ്പവും അരങ്ങേറും.
കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം, തൈക്കാട് പോലീസ് ഗ്രൗണ്ട്, പൂജപ്പുര മൈതാനം, ശംഖുമുഖം, ഭാരത് ഭവൻ, ഗാന്ധിപാർക്ക്, അയ്യങ്കാളി ഹാൾ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 31 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികൾ അരങ്ങേറുക. 8000 ത്തോളം കലാകാരന്മാർ പങ്കെടുക്കുന്ന പരിപാടികളിൽ പ്രാദേശിക കലാകാരന്മാർക്കാണ് മുൻഗണന നൽകും.
തുടർന്ന് ഗായകരായ ബിജുനാരായണൻ-റിമി ടോമി സംഘത്തിന്റെ സംഗീതനിശ നടക്കും. കനകക്കുന്നിൽ അഞ്ച് വേദികളിലായാണ് ഓണം വാരാഘോഷ പരിപാടികൾ നടക്കുന്നത്. സെപ്തംബർ രണ്ട് വരെ വിവിധ കലാപരിപാടികൾ അരങ്ങേറും. ജില്ലയിൽ വിവിധ ഇടങ്ങളിലായി തയ്യാറാക്കിയിരിക്കുന്ന 31 വേദികളിലായി വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. കനകക്കുന്നിൽ ആരംഭിച്ച ട്രേഡ്, ഫുഡ് ഫെസ്റ്റിവൽ സ്റ്റാളുകളിൽ ആഘോഷം പൊലിപ്പിക്കും. കൂടാതെ എല്ലാ ദിവസവും വൈകിട്ട് ഏഴ് മണിക്ക് കനകക്കുന്നിൽ ലേസർ ഷോയും അരങ്ങേറും. സെപ്തംബർ രണ്ടിന് വെള്ളയമ്പലത്ത് നിന്ന് ആരംഭിക്കുന്ന സമാപന ഘോഷയാത്രയോടെ വാരാഘോഷത്തിന് സമാപനമാകും.
Comments