ഒരു യാത്ര പോകാൻ ആഗ്രഹിക്കാത്ത ആരാണ് ഉള്ളതല്ലേ. എന്നാൽ ചിലർക്കെങ്കിലും യാത്രയ്‌ക്കിടയിൽ ഛർദ്ദി പണി തരാറുണ്ടല്ലേ.ഇങ്ങനെയുള്ളവർ മിക്ക അവസരങ്ങളിലും യാത്രകൾ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ചില കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താവുന്നതാണ്.
യാത്ര ആസ്വദിച്ച് വരുന്നതിനിടയിലാകും പലർക്കും ഓക്കാനവും ഛർദ്ദിയുമൊക്കെ ഉണ്ടാകുന്നത്. ചിലർക്ക് തലക്കറക്കം, ഭയം കൊണ്ട് ശരീരം വിറയ്‌ക്കുക, വിളർച്ച, ക്ഷീണം, ഉമിനീർ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്നു. ചലനവുമായി ബന്ധപ്പെട്ടതാണ് ഈ യാത്രയ്‌ക്കിടയിലെ ഛർദ്ദി എന്ന് പറയാം. ബാലൻസിനെ നിയന്ത്രിക്കുന്ന ചില റിസപ്‌റ്റെറുകളും ചെവിയിൽ നിന്നുള്ള സിഗ്നലുകളും ദൃശ്യങ്ങൾ തമ്മിലുള്ള പൊരുത്തമില്ലാത്തതുമാണ് ഇങ്ങനെ സംഭവിക്കുന്നത്. ചലനവുമായി ബന്ധപ്പെട്ട സിഗ്നലുകൾ അയക്കുന്നതിലെ അപാകതകളാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം. നാഡീവ്യവസ്ഥയുടെ അസന്തുലിതാവസ്ഥയാണ് ഇതിന് പിന്നിലെ കാരണം. എന്നാൽ ചില ഭക്ഷണങ്ങൾ കഴിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നിതിലൂടെ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും.
യാത്രയ്‌ക്കിടയിലെ ഛർദ്ദി പരിഹരിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കുക
1)വാഴപ്പഴം- പൊട്ടാസ്യത്തിന്റെ ഉറവിടമാണ് വാഴപ്പഴം. ഓക്കാനം കുറയ്‌ക്കാൻ വാഴപ്പഴത്തിനാകും.
2) ഇഞ്ചി- ഓക്കാനവും ഛർദ്ദിയും കുറയ്‌ക്കാൻ ഇഞ്ചിക്ക് കഴിയും. ഇഞ്ചിചായ, ഇഞ്ചി മിഠായി, കഷ്ണങ്ങളാക്കിയ ഇഞ്ചി എന്നിവ യാത്രക്കിടയിൽ കരുതാവുന്നതാണ്.
3) കനം കുറഞ്ഞ ബിസ്‌ക്കറ്റ്- ക്രാക്കേഴ്‌സ് എന്ന വിളിക്കുന്ന കനം കുറഞ്ഞ ബിസ്‌ക്കറ്റോ ഡ്രൈ ബിസ്‌ക്കറ്റോ കഴിക്കാവുന്നതാണ്. ഇവയിൽ കൂടിയ അളവിൽ അന്നജം അടങ്ങിയിട്ടുണ്ട്. വിശപ്പകറ്റുന്നതിനൊപ്പം ഛർദ്ദിക്കാതിരിക്കാനും ഇത് സഹായിക്കും.
4) ചോറ്- യാത്രയ്‌ക്ക് പുറപ്പെടും മുൻപ് ചോറ് കഴിക്കുന്നത് നല്ലതാണ്. ഇത് ഛർദ്ദി ഒഴിവാക്കാൻ സഹായിക്കും. അന്നജം അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും.
5) പഴങ്ങൾ- ജലാംശം അടങ്ങിയിട്ടുള്ള പഴങ്ങൾ കഴിക്കുന്നതും നല്ലതാണ്.
6) യോഗർട്ട്- വയറിന് പ്രശ്‌നമുള്ളവർ സ്ഥിരം കഴിക്കുന്ന ഒന്നാണ് യോഗർട്ട്. യാത്രയ്‌ക്ക് മുൻപും യോഗർട്ട് കഴിക്കുന്നത് നല്ലതാണ്.
യാത്രയ്‌ക്ക് ഇറങ്ങും മുൻപ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
1) കഫീൻ- കഫീൻ അടങ്ങിയ പാനീയങ്ങൾ യാത്രക്ക് പുറപ്പെടും മുൻപ് ഒഴിവാക്കുക. ഇത് നിർജലീകരണത്തിന് കാരണമാകും.
2) മദ്യം- ഇതും നിർജലീകരണത്തിന് കാരണമാകും. ഓക്കാനിക്കാനും ഛർദ്ദിക്കുമുള്ള സാധ്യത കൂട്ടാനും മദ്യത്തിനാകും.
3) എരിവുള്ള ഭക്ഷണങ്ങൾ- എരിവും അധികമുള്ള ഭക്ഷണം ഒഴിവാക്കേണ്ടതാണ്. അതുപോലെ തന്നെ വറുത്തതും കൊഴുപ്പുള്ളതുമായി ആഹാര പദാർത്ഥങ്ങളും യാത്രയ്‌ക്കിറങ്ങും മുൻപ് ഒഴിവാക്കേണ്ടതാണ്.
4) ഹെവി മീൽസ്- കൂടിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ദഹന വ്യവസ്ഥയ്‌ക്ക് പ്രശ്‌നം സൃഷ്ടിക്കും. ചെറിയ അളവിൽ ഇടയ്‌ക്കിടെ മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി ദഹനം സുഗമമായി നടക്കും.
5) പാലുത്പന്നങ്ങൾ- കൊഴുപ്പ് അധികമുള്ള പാൽ ഉത്പന്നങ്ങൾ ഓക്കാനം വരാൻ കാരണമാകും. സംസ്‌കരിച്ച ഭക്ഷണവും ഓക്കാനത്തിന് സാധ്യത വർദ്ധിപ്പിക്കുന്നു. ഇവ ദഹിക്കാനും സമയമെടുക്കുന്നു.
6) ബീൻസ്, ബ്രൊക്കോളി, കോളിഫ്‌ളവർ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവയും യാത്രയ്‌ക്കൊരുങ്ങുമ്പോൾ ഒഴിവാക്കുക. ഇവ ദഹനത്തിന് പ്രശ്‌നം സൃഷ്ടിക്കും.
യാത്രയ്‌ക്കിടയിൽ കഴിക്കാൻ കരുതാവുന്ന ഭക്ഷണങ്ങൾ
1) നട്ട്‌സും സീഡ്‌സും യാത്രയിൽ കരുതാവുന്നതാണ്.
വാൾനട്ട്സ്, അണ്ടിപ്പരിപ്പ്, പൈൻ നട്ട്സ് എന്നിവയെല്ലാം മിക്സ് ചെയ്ത് സൂക്ഷിക്കാം. അതുപോലെ സീഡുകളും കയ്യിൽ കരുതാം. പ്രോട്ടീനിനാലും ഫൈബറിനാലും സമ്പന്നമായ നട്ട്സും സീഡ്സും വിശപ്പകറ്റുകയും ഉന്മേഷം പകരുകയും ചെയ്യും.
2) പോപ്‌കോണും യാത്രയിൽ കൂട്ടിക്കോളൂ, ഫൈബർ,ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പോപ്‌കോൺ. എന്നാൽ ബട്ടറോ മറ്റ് ഫ്‌ളേവറുകലോ ചേർത്ത പോപ്‌കോൺ കഴിക്കരുത്.
3) കപ്പലണ്ടിയും യാത്രയ്‌ക്കിടയിൽ കൊറിക്കാൻ എടുക്കാവുന്നതാണ്. വിശപ്പകറ്റാനും ഏറെ നേരത്തേക്ക് ഉന്മേഷം നൽകാനും നിലക്കടലക്ക് കഴിയും.
4) പഴങ്ങളും യാത്രകളിൽ കഴിക്കാൻ സുരക്ഷിതമായ ഭക്ഷണമാണ്. ദഹനം സുഗമമാക്കാനും, വയറിനകത്തെ അസ്വസ്ഥതകൾ ഒഴിവാക്കാനും പഴങ്ങൾ സഹായിക്കുന്നു.
5) ഫ്രഷ് ചീസ്, പനീർ എന്നിവ മിതമായ രീതിയിൽ യാത്രകളിൽ കഴിക്കാവുന്നതാണ്.
Comments