ന്യൂഡൽഹി: തദ്ദേശീയവും പരിസ്ഥിതി സൗഹൃദവും പുനരുപയോഗിക്കാവുന്നതുമായ ഇന്ധനം എന്ന നിലയിൽ എഥനോൾ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഊർജ സ്വയംപര്യാപ്തത കൈവരിക്കുക, കർഷകരുടെ വരുമാനം ഇരട്ടിയാക്കുക, പരിസ്ഥിതിയെ ഗുണപരമായി സ്വാധീനിക്കുക എന്നതാണ് കേന്ദ്രം എഥനോളിന്റെ ഊന്നൽ നൽകുന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങൾ. അന്നദാതാവായ കർഷകരെ ഊർജ്ജദാതാവാക്കി മാറ്റുകയാണ് ഈ നീക്കത്തിലൂടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ആദ്യ ഇലക്ട്രിക് ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനത്തിന്റെ പ്രോട്ടോട്ടൈപ്പ് പുറത്തിറക്കികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നീക്കത്തിനായി ഊർജ്ജമാറ്റത്തിനായി ജി20 യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. ഊർജ്ജ പരിഹാരത്തിനായി ടൊയോട്ട നൽകുന്ന സഹകരണമാണ് ഇത്. പരിസ്ഥിതി സംരക്ഷണത്തോടുള്ള ടൊയോട്ടയുടെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. ഹൈഡ്രജൻ വാഹനങ്ങൾ, ഇലക്ട്രിഫൈഡ് ഫ്‌ലെക്സ് ഇന്ധന വാഹനങ്ങൾ തുടങ്ങിയവയിൽ എഥനോൾ നയത്തിനുള്ള സ്വീകാര്യത പ്രകടമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ടൊയോട്ട കിർലോസ്‌കർ മോട്ടോർ വികസിപ്പിച്ച വാഹനമാണ് ലോഞ്ച് ചെയ്ത്. ടൊയോട്ടയുടെ എംഡിയും സിഇഒയുമായ മസകാസു യോഷിമുറ, കിർലോസ്‌കർ സിസ്റ്റംസ് എംഡിയും സിഇഒയുമായ ഗീതാഞ്ജലി കിർലോസ്‌കർ, ജപ്പാൻ എംബസിയിലെ അംബാസഡർ നയതന്ത്രജ്ഞ ഉദ്യോഗസ്ഥർ എന്നിവർ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തു.















