കൊച്ചി: വേദിയിലിരിക്കുന്ന മന്ത്രിമാരുടെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് നടൻ ജയസൂര്യ. മന്ത്രി പി. രാജീവിന്റെ മണ്ഡലമായ കളമശ്ശേരിയിലെ കാർഷികോത്സവ സമാപന സമ്മേളനത്തിൽ മുഖ്യ അതിഥിയായി എത്തിയപ്പോഴായിരുന്നു ജയസൂര്യയുടെ പരാമർശം. രണ്ടുമന്ത്രിമാർ വേദിയിലിരിക്കവെ സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളാണ് ജയസൂര്യ വിവരിച്ചത്. വിഷ ബാധിത പച്ചക്കറികൾ കഴിക്കേണ്ടി വരുന്ന മലയാളികളുടെ അവസ്ഥയെക്കുറിച്ചും, ഭക്ഷ്യവസ്തുക്കൾക്ക് ക്വാളിറ്റി ചെക്ക് നടത്താതെ വിൽപന നടത്തുന്നതിനെയും ജയസൂര്യ രൂക്ഷമായി വിമർശിച്ചു.
സംസ്ഥാനത്തെ കാർഷിക പ്രതിസന്ധിയെക്കുറിട്ട് നടൻ ചൂണ്ടിക്കാട്ടുന്ന വേളയിൽ വ്യവസായ മന്ത്രി പി.രാജീവും കൃഷിമന്ത്രി പി.പ്രസാദുമാണ് വേദിയിലുണ്ടായിരുന്നത്. മന്ത്രിയായതിനാൽ പല പരാതികളും അങ്ങയുടെ അടുത്തേക്ക് എത്താൻ വൈകിയേക്കാം. അതുകൊണ്ടാണ് ഇവിടെ വച്ച് ഇതെല്ലാം പറയുന്നത്. ഗുണമേന്മയുള്ള ഭക്ഷണം കഴിക്കാൻ കേരളത്തിലുള്ളവർക്കും അവകാശമുണ്ട്. അരിയുടെയും പച്ചക്കറിയുടെയും ഗുണമേന്മ ഉറപ്പാക്കാൻ സംവിധാനം വേണം. തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന പുതുതലമുറ എങ്ങനെയാണ് കൃഷയിലേക്ക് വരികയെന്നും ജയസൂര്യ ചോദിച്ചു.
സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തത്തിനാൽ പല കർഷകരും തിരുവോണ ദിനത്തിൽ ഉപവാസമിരിക്കുകയാണെന്നും പുതുതലമുറയ്‌ക്ക് കൃഷിയിൽ താത്പര്യമില്ലെന്ന് പരാതി പറയുന്നവർ കർഷകർക്ക് എന്ത് ലഭിക്കുന്നുണ്ടെന്ന് ചിന്തിക്കണമെന്നും ജയസൂര്യ തുറന്നടിച്ചു. തന്റെ വാക്കുകൾ മന്ത്രിമാർ മറ്റൊരർത്ഥത്തിൽ വ്യാഖ്യാനിക്കരുതെന്ന മുഖവുരയോടെയായിരുന്നു ജയസൂര്യ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.















