ശ്രീനഗർ: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യൻ വ്യവസായി. ജമ്മുവിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിചക്ഷണനുമായ രൂപേഷ് മാസൻ ആണ് ഓഗസ്റ്റ് 25-ന് ചന്ദ്രനിൽ സ്ഥലം വാങ്ങിയത്. ഓഗസ്റ്റ് 23-നായിരുന്നു ചന്ദ്രയാൻ-3 ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയത്. ജമ്മു കശ്മീരിലെയും ലേയിലെയും യുസിഎംഎഎസിന്റെ റീജിയണൽ ഡയറക്ടറാണ് 49 കാരനായ രൂപേഷ്.
ലാക്കസ് ഫെലിസിറ്റാറ്റിസ്(സന്തോഷത്തിന്റെ തടാകം) എന്നറിയപ്പെടുന്ന ലൂണ എർത്ത്സ് മൂൺ, ട്രാക്റ്റ് 55-പാഴ്സൽ 10772-ലാണ് രൂപേഷ് മാസൻ സ്ഥലം വാങ്ങിയത്. ചന്ദ്രനിൽ സ്ഥലം വാങ്ങിയതിന്റെ രേഖകൾ ഇദ്ദേഹം തന്നെയാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചത്. ന്യൂയോർക്ക് സിറ്റിയിലെ ലൂണാർ രജിസ്ട്രിയിൽ നിന്നാണ് രൂപേഷ് സ്ഥലമിടപാട് നടത്തിയത്.
‘ഞാൻ ന്യൂയോർക്ക് സിറ്റിയിലെ ലൂണാർ രജിസ്ട്രിയിൽ നിന്ന് ഭൂമി വാങ്ങി. അത് ഓഗസ്റ്റ് 25-ന് സാക്ഷ്യപ്പെടുത്തി. ചന്ദ്രനിൽ എന്താണുള്ളത് എന്നത് കാണാനും അവിടുത്തെ രഹസ്യങ്ങൾ കണ്ടറിയാനുള്ള ആഗ്രഹവുമാണ് ചന്ദ്രനിൽ സ്ഥലം വാങ്ങാൻ എന്നെ മുന്നോട്ട് നയിച്ചത്. ചന്ദ്രനിൽ സ്ഥലം വാങ്ങുന്നത് ഭാവിയിലേക്കുള്ള ഒരു തയ്യാറെടുപ്പാണ്. ചന്ദ്രനിലും മറ്റ് ഗ്രഹങ്ങളിലുമായി സെലിബ്രിറ്റികളും യുഎസ് മുൻ പ്രസിഡന്റുമാരുമടക്കം 675 പേർ സ്ഥലം വാങ്ങിയിട്ടുണ്ട്’- രൂപേഷ് മാസൻ പറഞ്ഞു.
Comments