ഡിജിറ്റൽ പണമിടപാടിൽ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യ. യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) വഴി ഓഗസ്റ്റിൽ മാത്രം നടന്നത് പത്ത് ബില്യണിലധികം ഇടപാടുകളാണ്. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് കണക്കുകളും പുറത്തു വിട്ടിരുന്നു. ആദ്യമായാണ് ഒരു മാസം ഇടപാടുകൾ പത്ത് ബില്യൺ( 1000 കോടി) കടക്കുന്നത്. ജൂലൈ മാസത്തിൽ നടന്ന 996.4 കോടി എന്ന റെക്കോർഡാണ് ഓഗസ്റ്റ് മാസത്തിൽ ഇന്ത്യ മറി കടന്നത്. ഇതോടെ, സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ ഏറ്റു വാങ്ങുകയാണ് കേരളത്തിന്റെ മുൻ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്.
ഇന്ത്യയ്‌ക്ക് ഒരിക്കലും ഡിജിറ്റൽ ആകാൻ കഴിയില്ല എന്നതായിരുന്നു ധനമന്ത്രി ആയിരുന്ന കാലത്ത് തോമസ് ഐസക് നടത്തിയ പരാമർശം. ‘വാചകമടിച്ചാൽ പോരാ.. ഡിജിറ്റലൈസേഷൻ എന്നൊക്കെയുള്ള വിഡ്ഢിത്തം പറഞ്ഞാൽ പോരാ. തൊണ്ണൂറ് ശതമാനം ആളുകളും അസംഘടിത മേഖലയിൽ ജീവിക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഡിജിറ്റലാവാൻ പറ്റത്തില്ല. മീൻ കച്ചവടക്കാരൻ ക്രെഡിറ്റ് കാർഡ് കൊടുത്ത് മീൻ കൊടുക്കുമോ, ആക്രിക്കാർ ചെയ്യുമോ, പച്ചക്കറിക്കാര് ചെയ്യുമോ? ഇതൊക്കെ ഒരു വാചകമടിയാണ്’- എന്നായിരുന്നു തോമസ് ഐസക്കിന്റെ വാദം.
ലോകബാങ്കും ഐഎംഎഫും ഉൾപ്പടെയുള്ള നിരവധി അന്താരാഷ്‌ട്ര സ്ഥാപനങ്ങൾ യുപിഐയെ പ്രശംസിച്ചതും, സിംഗപ്പൂർ, മലേഷ്യ, ഭൂട്ടാൻ, നേപ്പാൾ, യു.കെ, റഷ്യ, ഒമാൻ, ഖത്തർ, യൂറോപ്പ്, ഫ്രാൻസ്, യു.എ.ഇ, ശ്രീലങ്ക എന്നിങ്ങനെ പല രാജ്യങ്ങളും ഇന്ത്യയുടെ സാമ്പത്തിക വളർച്ച തിരിച്ചറിഞ്ഞ് യുപിഐ നടപ്പാക്കിയതും ചൂണ്ടിക്കാട്ടിയാണ് രാജ്യത്തിന്റെ പുരോഗതിയ്ക്ക് തുരങ്കം വെയ്‌ക്കുന്ന തോമസ് ഐസക്കിന്റെ വാദങ്ങളെ സമൂഹമാദ്ധ്യമങ്ങളിൽ കണക്കിന് ട്രോളുന്നത്. ഇന്ത്യയിലെ ജനങ്ങൾ ഡിജിറ്റൽ പുരോഗതിയുടെ പാതയിലാണ് എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് യു.പി.ഐ ഇടപാടിലെ റെക്കോർഡ് നേട്ടം.
Comments