ഓണം റിലീസായെത്തിയ ‘ആർഡിഎക്സ്’ വിജയകരമായി പ്രദർശനം തുടരുകയാണ്. ഒൻപത് ദിവസം കൊണ്ട് അമ്പത് കോടി ക്ലബിൽ ഇടം പിടിയ്‌ക്കാനും ചിത്രത്തിന് കഴിഞ്ഞു. ആന്റണി വർഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ തകർത്തഭിനയിച്ച ചിത്രം ബോക്സ് ഓഫീസുകളിൽ മിന്നും പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്. ഇതിനിടയിൽ രസകരമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ ആന്റണി വർഗീസ്. സിനിമയുടെ നിർമാതാവായ സോഫിയ പോളിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം നീരജ് മാധവും ഷെയ്ന്‍ നിഗവുമുണ്ട്.
‘ജയിലർ സിനിമ ഹിറ്റ് ആയപ്പോൾ രജനി സർ നു BMW കിട്ടിയതറിഞ്ഞു സോഫിയ ചേച്ചിയെ കാണാൻ ചെന്ന റോബർട്ടും ഡോണിയും സേവിയും. കാറിനെ പറ്റി മിണ്ടാൻ പോലും സമയം തരാതെ വയറുനിറയെ ഫുഡും തന്ന്, എന്തേലും പറയാൻ തുടങ്ങിയാൽ അപ്പോൾ തന്നെ സോഫിയ ചേച്ചി കപ്പ എടുത്ത് തരും.. ഇന്നലെ പറയാൻ പറ്റിയില്ല അതോണ്ട് ഇപ്പോ പറയാ… ഞാൻ വീട്ടിലെ മതിൽ പൊളിച്ചു ഗേറ്റ് വലുതാക്കാൻ തുടങ്ങാണട്ടോ.. പിന്നെ നഹാസ് പോർഷെ ഓടിക്കാൻ പഠിച്ചു തുടങ്ങിയെന്നാ കേൾക്കുന്നെ.’- ആന്റണി വർഗീസ് കുറിച്ചു.
ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം. കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് ആര്‍ഡിഎക്സിലെ തീ പാറുന്ന ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയത്.
Comments