ഡ്യൂറൻസ് കപ്പ് ഫുട്‌ബോൾ കീരിടം സ്വന്തമാക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയം. പത്ത് പേരുമായി കളിച്ചാണ് മോഹൻ ബഗാൻ എതിരാളികളായ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. 71-ാം മിനിറ്റിൽ ദിമി പെട്രട്ടോസ് ആണ് മോഹൻ ബഗാന്റെ വിജയ ഗോൾ നേടിയത്.
ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഗോൾരഹിതമായ ആദ്യ പകുതിയ്‌ക്ക് ശേഷം രണ്ടാം പകുതിയിലാണ് സൂപ്പർ താരം വിജയഗോൾ നേടിയത്. പന്തുമായി ഒറ്റയ്‌ക്ക് മുന്നേറിയ പെട്രറ്റോസ് ബോക്സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഇടംകാലുകൊണ്ടുള്ള ഷോട്ട് ഗോൾകീപ്പറെ നിസ്സഹായനാക്കി പോസ്റ്റിൽ പതിക്കുകയായിരുന്നു. ഈ ഗോളോടെ മോഹൻ ബഗാൻ വിജയമുറപ്പിക്കുകയായിരുന്നു.
മോഹൻ ബഗാന്റെ അനിരുദ്ധ് ഥാപ്പയ്‌ക്ക് ചുവപ്പ് കാർഡ് ലഭിച്ചതിനാൽ ടീം പത്ത് പേരിലേക്ക് ചുരുങ്ങി. 62-ാം മിനുട്ടിൽ രണ്ടാം മഞ്ഞക്കാർഡ് കൂടി ലഭിച്ചതോടെയായിരുന്നു ഥാപ്പക്ക് പുറത്തുപോകേണ്ടി വന്നത്. എന്നിരുന്നാലും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. 17-ാം ഡ്യൂറൻസ് കിരീടമാണ് ഈ വിജയത്തിന് പിന്നാലെ മോഹൻ ബഗാൻ സ്വന്തമാക്കിയത്.















